ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ലിമോജസിലെ ചരിത്രപ്രസിദ്ധമായ ടൗൺ ഹാൾ കത്തിനശിച്ചു. ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകർന്നു. ലോകമഹായുദ്ധങ്ങളെ അതിജീവിച്ച കെട്ടിടമാണ് തീപിടിത്തത്തിൽ തകർന്നത്. 1873ൽ നിർമാണം ആരംഭിച്ച ടൗൺ ഹാൾ 1883ലാണ് ഉദ്ഘാടനം ചെയ്തത്.
ചരിത്രസ്മാരകത്തിന് സംഭവിച്ചത് പൈതൃകത്തിന് വലിയ ദുരന്തമാണെന്ന് പ്രദേശത്തെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. സാമൂഹികവിരുദ്ധർ മനഃപൂർവം നടത്തിയ പ്രവൃത്തിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൗൺ ഹാളിന് മുന്നിൽ ആദ്യം ഒരു പൊലീസ് വാഹനം പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചെന്നും പിന്നീട് ജനൽച്ചില്ലുകൾ തകർത്ത് കെട്ടിടത്തിനുള്ളിൽ കയറി തീയിട്ടെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവത്തിന് പിന്നാലെ ഫ്രാൻസിലെ സംഘർഷങ്ങൾക്ക് കുടിയേറ്റത്തെ കുറ്റപ്പെടുത്തി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രംഗത്തെത്തി.ഫ്രാൻസിലെ സംഘർഷങ്ങൾക്ക് പാശ്ചാത്യ ലിബറലുകളുടെ കുടിയേറ്റ നയമാണ് കാരണമെന്ന് വാൻസ് ആരോപിച്ചു. വൈവിധ്യത്തിന്റെയും സഹാനുഭൂതിയുടെയും പേരിൽ വികസ്വര രാജ്യങ്ങളിൽനിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറാൻ അനുവദിച്ചെന്നും സാമൂഹികമായ പൊരുത്തപ്പെടലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവഗണിച്ചെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കൂടുതൽ ചരിത്രസ്മാരകങ്ങൾ കത്തിയെരിയുന്നതിന് മുമ്പ് ഫ്രാൻസ് ഈ അവസ്ഥയിൽനിന്ന് പുറത്തുവരട്ടെയെന്ന് പ്രത്യാശിക്കുന്നതായും അമേരിക്കക്കാർ സംഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നും വാൻസ് പറഞ്ഞു. അമേരിക്കയെ ഡെമോക്രാറ്റുകൾ നയിക്കാൻ ആഗ്രഹിക്കുന്ന ഭാവി ഇതാണെന്നും അദ്ദേഹം ആരോപിച്ചു.
ഫ്രാൻസിൽ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5.5 ലക്ഷം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 8 ലക്ഷം പേർ പങ്കെടുത്തെന്നാണ് സിജിടി തൊഴിലാളി യൂണിയന്റെ കണക്ക്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 1,200 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു. പാരിസിലും മറ്റു നഗരങ്ങളിലും മുഖംമൂടി ധരിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും പ്രതിഷേധക്കാർ പൊലീസിനുനേരെ വസ്തുക്കൾ എറിയുകയും പടക്കങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രതിഷേധത്തിനിടെ പാരിസിൽ നിരവധി കാറുകൾക്കും തീയിട്ടു. ലിയോണിലെ നഗരമധ്യത്തിലുള്ള ടൂറിസ്റ്റ് ഓഫിസിനും പ്രതിഷേധക്കാർ തീയിട്ടു. മാർസെയ്, ലില്ലെ എന്നിവിടങ്ങളിലെ ടൗൺ ഹാളുകളിലും ബോർഡോയിലെ പൊലീസ് സമുച്ചയത്തിലും അതിക്രമിച്ചുകയറി കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പാരിസ്, മാർസെയ്, നീസ്, ബോർഡോ, ലില്ലെ എന്നിവിടങ്ങളിലായി നിരവധി കടകൾ കൊള്ളയടിച്ചു. ലില്ലെയിലെ ആപ്പിൾ സ്റ്റോറിലെ സാധനങ്ങളെല്ലാം കൊള്ളയടിച്ചതായും ആഡംബര ബ്രാൻഡുകളുടെ പ്രധാന സ്റ്റോറുകളുള്ള ഷാംസ്-എലിസേ തെരുവിലേക്ക് 300ലേറെ പ്രതിഷേധക്കാർ നീങ്ങാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ക്ലാസ് മുറികളിലെ സൗകര്യക്കുറവ്, അധ്യാപകരുടെ അഭാവം, സർവകലാശാല പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഫ്രാൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾ മൂന്നാഴ്ചയിലേറെയായി പ്രതിഷേധത്തിലാണ്. ഒക്ടോബർ 11ന് പുറത്തുവന്ന ക്ലസ്റ്റർ 17 അഭിപ്രായ സർവേ പ്രകാരം 57 ശതമാനം ഫ്രഞ്ച് ജനതയും വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ട്. വിദ്യാർഥികളുടെ പരാതികൾ പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും വിദ്യാഭ്യാസ ബജറ്റിൽ വലിയ വർധന വരുത്താനാകില്ലെന്നാണ് നിലപാട്. ആറുമാസത്തിനകം നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫ്രാൻസിൽ സംഘർഷം രൂക്ഷമായിരിക്കുന്നത്.
France’s historic Limoges Town Hall burns down amid protests; JD Vance blames ‘immigration’ for unrest










