
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ പുരോഗമിക്കവെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനകൾ ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. ഹോർമുസ് കടലിടുക്ക് തുറന്ന ഇറാന്റെ തീരുമാനത്തിന് പിന്നാലെ, ലാസ് വെഗാസിൽ നിന്നുള്ള തുടർച്ചയായ 13 സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ട്രംപ് തന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. ഇറാൻ ഭരണകൂടവുമായി പാകിസ്ഥാൻ മധ്യസ്ഥർ നടത്തുന്ന ചർച്ചകളുടെ പുരോഗതി അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.ചർച്ചകളുടെ ഭാഗമായി മരവിപ്പിച്ച 20 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ വിട്ടുനൽകാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും ആണവ സാമഗ്രികളുടെ വീണ്ടെടുപ്പും സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ ബോംബറുകൾ തകർത്ത ആണവ കേന്ദ്രങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ യുഎസ് തന്നെ ഏറ്റെടുക്കുമെന്നും ഈ കരാറിന്റെ പേരിൽ സാമ്പത്തിക കൈമാറ്റം നടക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ മുൻകൂട്ടി കണ്ടാണ് സാമ്പത്തിക ലാഭം ഇറാനുണ്ടാകില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നത്.ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതും ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം തുടരുന്നതും സംബന്ധിച്ച നിലപാടുകളും അദ്ദേഹം വ്യക്തമാക്കി.
യുദ്ധത്തിൽ മതിയായ സഹായം നൽകാത്ത നാറ്റോ സഖ്യത്തെ ട്രംപ് വീണ്ടും വിമർശിച്ചു. പാകിസ്ഥാൻ മധ്യസ്ഥർ നടത്തുന്ന ചർച്ചകൾ വിജയിക്കുകയാണെങ്കിൽ, ഈ വാരന്ത്യത്തിൽ ഇസ്ലാമാബാദിൽ വെച്ച് അടുത്ത ഘട്ട ചർച്ചകൾ നടന്നേക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. ഇതിനെ ലോകത്തെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.














