ചൈനയുമായി ധാരണയായെന്ന് ട്രംപ്; ഇറാന് ആയുധം നൽകില്ലെന്ന് ഉറപ്പ് ലഭിച്ചതായി വെളിപ്പെടുത്തൽ; ‘അമേരിക്കൻ നീക്കങ്ങളിൽ ചൈന സന്തുഷ്ടർ’

വാഷിം​ഗ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളിൽ ചൈന അതീവ സന്തുഷ്ടരാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്ക് ശാശ്വതമായി തുറക്കുന്നതിലൂടെ ചൈനയ്ക്കും ലോകത്തിന് മുഴുവനും വലിയ ഗുണമുണ്ടാകുമെന്നും ഇത്തരമൊരു പ്രതിസന്ധി ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം കുറിച്ചു. ഏറ്റവും പ്രധാനമായി, ഇറാനിലേക്ക് ഇനി ആയുധങ്ങൾ അയക്കില്ലെന്ന് ചൈന സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി.

മേയ് മാസത്തിൽ നിശ്ചയിച്ചിട്ടുള്ള ബീജിംഗ് സന്ദർശന വേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിൽ നിന്ന് ഹൃദ്യമായ സ്വീകരണമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. അമേരിക്കയും ചൈനയും തമ്മിൽ വളരെ ബുദ്ധിപൂർവ്വമായാണ് ഇപ്പോൾ സഹകരിക്കുന്നതെന്നും യുദ്ധത്തേക്കാൾ നല്ലത് ഇത്തരം നയതന്ത്ര ചർച്ചകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ യുദ്ധം ചെയ്യാൻ അമേരിക്കയ്ക്ക് മറ്റാരേക്കാളും മികച്ച ശേഷിയുണ്ടെന്ന മുന്നറിയിപ്പും ട്രംപ് നൽകാൻ മറന്നില്ല. വരാനിരിക്കുന്ന ട്രംപ്-ഷി ചിൻപിംഗ് കൂടിക്കാഴ്ച ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide