ഫ്ലൈദുബായ് പൈലറ്റിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് ട്രംപ്

കോ-പൈലറ്റിന്റെ കത്തിയാക്രമണത്തെ ചെറുത്ത് കോക്പിറ്റ് വാതിൽ തുറന്ന് സഹായത്തിനായി വിളിക്കുകയും വിമാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തുകയും ചെയ്ത ഫ്ലൈദുബായ് പൈലറ്റിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചെന്നും, വിമാനമോടിച്ച പരിചയമില്ലാത്ത ഒരു പ്ലംബർ നിർണായക ഇടപെടൽ നടത്തി ദുബായ്–ടെൽ അവീവ് വിമാനം നിയന്ത്രണത്തിലാക്കാൻ സഹായിച്ചതായി നെതന്യാഹു പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.

വിമാനം പിന്നീട് സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറങ്ങി. വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ പൈലറ്റിനെ ഇന്ത്യൻ പൗരനായ സ്മിത് മച്ച്ഛർ എന്നാണ് തിരിച്ചറിഞ്ഞത്. നെതന്യാഹുവും മറ്റ് നിരവധി പേരും അദ്ദേഹത്തെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചു. “പൈലറ്റിന്റെ നില വളരെ മോശമായിരുന്നു. ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് കരുതുന്നത്. എന്നാൽ അദ്ദേഹം അതിശയകരമായ ധൈര്യം കാണിച്ചു. ഒരു തരത്തിൽ അദ്ദേഹം ഹീറോ തന്നെയായിരുന്നു,” നെതന്യാഹുവുമായുള്ള സംഭാഷണം ഓർത്തെടുത്ത് ട്രംപ് പറഞ്ഞു.

പൈലറ്റ് കോക്പിറ്റ് വാതിൽ തുറക്കുകയും പിന്നിലേക്ക് വീണ ശേഷവും വാതിൽ തുറന്ന് സഹായത്തിനായി നിലവിളിക്കുകയും ചെയ്തതായി ട്രംപ് പറഞ്ഞു. “കോ-പൈലറ്റ് ഒരു ഭീകരവാദിയോ അല്ലെങ്കിൽ മാനസികമായി പ്രശ്നമുള്ള ഒരാളോ ആയിരിക്കാം. അയാൾ പൈലറ്റിനെ കുത്തുകയായിരുന്നു,” ട്രംപ് പറഞ്ഞു. തുടർന്ന് ഇസ്രയേൽ യാത്രക്കാരനായ ഒരു പ്ലംബർ നടത്തിയതായി ട്രംപ് വിശേഷിപ്പിച്ച ‘അതിശയകരമായ’ ഇടപെടലിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വിമാനം ഓടിച്ചിട്ടില്ലാത്ത ആ യാത്രക്കാരൻ കോക്പിറ്റിൽ പ്രവേശിച്ച് കോ-പൈലറ്റിനെ സീറ്റിൽനിന്ന് വലിച്ചുമാറ്റി പിന്നിലേക്ക് തള്ളിയെന്നും തുടർന്ന് മറ്റ് യാത്രക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.‘എയർ ഡിസാസ്റ്റേഴ്സ്’ എന്ന ടെലിവിഷൻ പരിപാടി കണ്ടാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാര്യങ്ങൾ താൻ മനസ്സിലാക്കിയതെന്ന് ആ യാത്രക്കാരൻ പിന്നീട് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.“അദ്ദേഹം ആ പരിപാടി ധാരാളം കാണാറുണ്ടെന്ന് പറഞ്ഞു. അത് കണ്ടാണ് വിമാനം എങ്ങനെ പറത്താമെന്നതിനെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയതെന്നും പറഞ്ഞു,” ട്രംപ് പറഞ്ഞു.

വിമാനത്തിന്റെ പിൻഭാഗത്തുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും പിന്നീട് കോക്പിറ്റിലെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും ട്രംപ് പറഞ്ഞു.“ഇത് ഏറ്റവും അതിശയകരമായ കഥയാണെന്നാണ് ഞാൻ കരുതുന്നത്,” അദ്ദേഹം പറഞ്ഞു. എന്നാൽ താൻ പറഞ്ഞത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരണമാത്രമാണെന്നും സംഭവങ്ങളുടെ വസ്തുതകൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.“ഇപ്പോൾ ഞാൻ കേട്ട കഥയാണിത്. ഇത് സത്യമാണോ എന്ന് എനിക്കറിയില്ല. ബിബിയിൽനിന്നും (നെതന്യാഹു) മറ്റ് ചില ആദ്യകാല ഉറവിടങ്ങളിൽനിന്നും ലഭിച്ച വിവരമാണിത്,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.

Trump says flydubai pilot ‘a hero’, plumber steadied plunging aircraft

More Stories from this section

family-dental
witywide