
വാഷിംഗ്ടൺ: യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാനുള്ള വാഷിംഗ്ടണിൻ്റെ നിർദ്ദേശത്തിൽ ഇറാൻ ഇന്ന് പ്രതികരണം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വിർജീനിയയിലെ സ്റ്റെർലിംഗിലുള്ള തൻ്റെ ഗോൾഫ് കോഴ്സിലേക്ക് പോകുന്നതിന് മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെഹ്‌റാനിൽ നിന്ന് മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന്, “ഇന്ന് രാത്രി അവരിൽ നിന്ന് മറുപടി കേൾക്കുമെന്ന് കരുതുന്നു” എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇറാൻ മനഃപൂർവ്വം പ്രക്രിയ വൈകിപ്പിക്കുകയാണോ എന്ന ചോദ്യത്തിന്, തനിക്ക് അതിൽ ഉറപ്പില്ലെന്നും “ഉടൻ തന്നെ നമുക്ക് അത് അറിയാൻ കഴിയുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ നിന്നുള്ള പ്രതികരണത്തിനായി വാഷിംഗ്ടൺ കാത്തിരിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതൊരു “ഗൗരവമേറിയ വാഗ്ദാനം” ആയിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റോമിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിലെ ആഭ്യന്തര സാഹചര്യം മറുപടി ലഭിക്കാൻ വൈകുന്നതിന് കാരണമായേക്കാമെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. “ഇറാനിലെ ഭരണസംവിധാനം ഇപ്പോഴും വിഭജിക്കപ്പെട്ട അവസ്ഥയിലാണ്, അത് പ്രവർത്തനക്ഷമവുമല്ല. അതൊരു തടസ്സമായേക്കാം,” റൂബിയോ പറഞ്ഞു. ഇറാനുമായുള്ള ചർച്ചകൾ ഗൗരവമേറിയ ഒരു പ്രക്രിയയിലേക്ക് നയിക്കുമെന്ന് വാഷിംഗ്ടൺ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.പാകിസ്ഥാൻ മധ്യസ്ഥർ വഴി കൈമാറിയ നിർദ്ദേശങ്ങൾ ഇറാൻ വിലയിരുത്തി വരികയാണ്. നേരത്തെ കരുതിയതുപോലെ ഇത് വെറുമൊരു “സിംഗിൾ പേജ്” വാഗ്ദാനമല്ലെന്നും വളരെ വിശദമായ ഒന്നാണെന്നും വ്യാഴാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.
Trump says he thinks Iran will respond to US proposal today















