വാഷിങ്ടൺ: അമേരിക്കയ്ക്ക് ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങൾക്ക് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് വളരെ ലാഭകരമായൊരു ബിസിനസാണെന്നും ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ഈ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ മേൽ യുഎസ് ചെലുത്താൻ ലക്ഷ്യമിടുന്ന സാമ്പത്തിക സമ്മർദ്ദത്തെ കുറിച്ചും ട്രംപ് പറഞ്ഞു.
ഒമാൻ ഉൾക്കടൽ പോലുള്ള പ്രധാന ജലപാതകളെ കേന്ദ്രീകരിച്ച് പ്രധാനമായും നടപ്പാക്കുന്ന ഉപരോധം, ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചു. ഇറാന്റെ പ്രാദേശിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനുള്ള കഴിവ് കുറയ്ക്കാനും ചർച്ചകളിലേക്ക് നയിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥർ വാദിക്കുന്നു.യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രപരമായ ശ്രമങ്ങൾ വിജയം കാണാത്ത സമയത്താണ് ഉപരോധം വരുന്നത്.
ഉപരോധം കാരണം ഇറാന് എണ്ണ വരുമാനത്തിൽ ഏകദേശം 5 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഏപ്രിൽ 13 ന് ആരംഭിച്ച ഈ ഉപരോധം, പാകിസ്‌താനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾക്ക് ഫലം കാണാൻ കഴിയാത്തതിനാൽ, സംഘർഷം അവസാനിപ്പിക്കാനുള്ള പ്രധാന ശ്രമമായി സ്ഥാനം പിടിച്ചിരിക്കുന്നു. എണ്ണയോ നിരോധിത വസ്‌തുക്കളോ വഹിക്കുന്നതായി സംശയിക്കുന്ന 40 ഓളം കപ്പലുകൾ ഈ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് പെൻ്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു.
Trump says naval blockade of Iranian ports is profitable business for US













