
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് ഡിന്നറിനിടെ നടന്ന വധശ്രമത്തിന് പിന്നാലെ താൻ ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ തമാശരൂപേണ തള്ളി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ടെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാൽ തനിക്ക് ’20 പൗണ്ട്’ അധികം ഭാരം തോന്നിക്കുമെന്നും അത് ഇഷ്ടമല്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എനിക്ക് 20 പൗണ്ട് അധികം ഭാരമുണ്ടെന്ന് തോന്നിക്കുന്നത് താങ്ങാൻ കഴിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കൂ, അവരിൽ പലരും നല്ല കായികശേഷിയുള്ളവരാണ്. അത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവർക്ക് അത് അനുയോജ്യമാണ്, എന്നാൽ എനിക്ക് അങ്ങനെ കാണപ്പെടാൻ താല്പര്യമില്ല,” ട്രംപ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ പലപ്പോഴും ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെക്കാറുണ്ടെന്നും എന്നാൽ അമിതമായ മുൻകരുതലുകൾ എടുത്ത് അക്രമികൾക്ക് മുന്നിൽ കീഴടങ്ങുന്ന മാനസികാവസ്ഥ തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് ഡിന്നറിനിടെയാണ് വധശ്രമം ഉണ്ടായത്. കോൾ ടോമസ് അലൻ എന്നയാൾ തോക്കുകളും കത്തികളുമായി പരിപാടി നടന്ന വേദിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ പരിഭ്രാന്തരായി ചിതറി ഓടി. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതിയായ അലനെതിരെ കേസെടുത്തിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന സുരക്ഷാ ഭീഷണികൾ തന്നെ ബാധിക്കില്ലെന്നാണ് ട്രംപിൻ്റെ നിലപാട്. വീണ്ടും ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, “ഞാൻ അതേക്കുറിച്ച് ചിന്തിക്കാറില്ല. ചിന്തിക്കാൻ തുടങ്ങിയാൽ എനിക്ക് നന്നായി ജോലി ചെയ്യാൻ കഴിയില്ല. എൻ്റെ ശ്രദ്ധ മുഴുവൻ ആ ഭയത്തിലായിപ്പോകും. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ എൻ്റെ തലയിലില്ല,” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
സംഭവത്തിന് ശേഷം ട്രംപിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വൈറ്റ് ഹൗസ് പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും കനത്ത സുരക്ഷാ കവചങ്ങൾക്കിടയിൽ നിൽക്കാൻ തനിക്ക് താല്പര്യമില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
ട്രംപിൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നടുക്കുന്ന വധശ്രമം നടന്നത് 2024 ജൂലൈ 13-ന് പെൻസിൽവേനിയയിലെ ബട്ട്‌ലറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു. പ്രസംഗിച്ചുകൊണ്ടിരുന്ന ട്രംപിന് നേരെ തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരൻ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട ട്രംപിൻ്റെ വലതു ചെവിയിൽ തട്ടി കടന്നുപോയി. ആക്രമണത്തിൽ റാലിയിൽ പങ്കെടുത്ത ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അക്രമിയെ വെടിവെച്ചു കൊന്നു. ഈ സംഭവം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
REPORTER: "How nervous were you about it happening again? Another assassination attempt?"
— Fox News (@FoxNews) April 30, 2026
TRUMP: "I don't think about it."
REPORTER: "You don't think about it at all?"
TRUMP: "And if I did, I wouldn't be doing a very good job here. I'd be thinking about nothing but that. I… pic.twitter.com/rs96frAw46
പെൻസിൽവേനിയ സംഭവത്തിന് രണ്ട് മാസത്തിന് ശേഷം, 2024 സെപ്റ്റംബർ 15-ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപിൻ്റെ ഗോൾഫ് ക്ലബ്ബിന് സമീപം മറ്റൊരു വധശ്രമം കൂടി നടന്നു. ട്രംപ് ഗോൾഫ് കളിച്ചുകൊണ്ടിരിക്കെ, കുറ്റിക്കാടിനുള്ളിൽ തോക്കുമായി പതിയിരുന്ന റയാൻ വെസ്ലി റൗത്ത് എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇയാൾക്ക് നേരെ സീക്രട്ട് സർവീസ് വെടിവെച്ചതോടെ പ്രതി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് പിടികൂടി. ട്രംപിനെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ എത്തിയതെന്ന് പിന്നീട് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലത്തേതാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് ഡിന്നറിനിടെ ഉണ്ടായത്.
Trump says ‘no’ to bulletproof jacket even after assassination attempt













