നിലപാടിൽ പാറ പോലെ ഉറച്ച് ട്രംപ്, ഇറാൻ്റെ ആണവ അവശിഷ്ടങ്ങൾ അമേരിക്ക ഏറ്റെടുക്കും; പണമിടപാട് ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ്

ടെഹ്റാൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ, ഇറാന്റെ പക്കലുള്ള ആണവ ശേഖരം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്. അമേരിക്കൻ ബി-2 ബോംബറുകൾ തകർത്ത ഇറാനിയൻ ആണവ കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങളെയാണ് ട്രംപ് ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്ന് വിശേഷിപ്പിച്ചത്. ഈ കൈമാറ്റത്തിന് പകരമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുകിട്ടുന്നതിന് പകരമായി മരവിപ്പിച്ച 20 ബില്യൺ ഡോളറിന്റെ ആസ്തികൾ അമേരിക്ക വിട്ടുകൊടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ തള്ളിക്കളയുന്ന രീതിയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം. സാമ്പത്തികമായ ആനുകൂല്യങ്ങൾ ഇറാനു നൽകുന്നതിനെതിരെ ഉയർന്നേക്കാവുന്ന വിമർശനങ്ങളെ പ്രതിരോധിക്കുകയാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇസ്രായേലും ലെബനനും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാറിനെക്കുറിച്ചും ട്രംപ് കുറിപ്പിൽ പരാമർശിച്ചു. ഇറാനിൽ നിന്നുള്ള ആണവ ശേഖരം ഏറ്റെടുക്കുന്ന കാര്യത്തിന് ലെബനനിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമേരിക്ക പ്രത്യേകം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും അത്തരം നീക്കങ്ങൾ അമേരിക്ക വിലക്കിയിട്ടുണ്ടെന്നും ട്രംപ് കടുത്ത ഭാഷയിൽ വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ ദൗത്യം അവസാനിച്ചിട്ടില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.

More Stories from this section

family-dental
witywide