വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ, ഈ സുപ്രധാന സമുദ്രപാതയെ ചൊല്ലിയുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവായി. ഇതിനകം തന്നെ ചെലവേറിയ കടൽഗതാഗത പാതയായ ഹോർമുസിലൂടെ ചരക്കുനീക്കം നടത്തുന്നതിനുള്ള ചെലവ് ഇതോടെ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ഷിപ്പിംഗ് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ട്രംപിന്റെ പ്രഖ്യാപനം, ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര സമുദ്രപാതയാണെന്നും അവിടെ ഒരു രാജ്യവും ടോൾ ഈടാക്കാൻ പാടില്ലെന്നുമുള്ള അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാടിന് വിരുദ്ധമാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. അതേസമയം, ഇത്തരമൊരു ടോൾ നിയമപരമായും രാഷ്ട്രീയമായും പ്രായോഗികമായും നടപ്പാക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ട്രംപിന്റെ പ്രസ്താവനയെ മുതലെടുത്ത ഇറാൻ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന നിലപാട് വീണ്ടും ആവർത്തിച്ചു.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ, “20 ശതമാനം തീർച്ചയായും വളരെ കൂടുതലാണ്. ഞങ്ങൾ നീതിപൂർവമായിരിക്കും” എന്ന് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സാന്നിധ്യം വിട്ടുവീഴ്ച ചെയ്യാനാകാത്ത വിഷയമാണെന്നും ഇറിൻ വ്യക്തമാക്കി.
ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് “സ്ട്രാറ്റജിക് ആക്ഷൻ” പദ്ധതി ഇറാൻ പാർലമെന്റ് അവതരിപ്പിച്ചു. ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷൻ ഇബ്രാഹിം അസീസി, “ഞങ്ങളുടെ ചുവപ്പുവരകൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Trump’s 20% tolls are another curve ball in negotiations over Strait of Hormuz











