പ്രതിപക്ഷ ഉപനേതാവ് പദവിയിൽ അനിശ്ചിതത്വം തുടരുന്നു; സിപിഎം – സിപിഐ ചർച്ച അന്തിമ തീരുമാനമില്ലാതെ പിരിഞ്ഞു

എൽഡിഎഫിൽ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള അസാധാരണ പ്രതിസന്ധി തുടരുന്നു. ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ നടത്തിയ നിർണ്ണായക ഉഭയകക്ഷി ചർച്ച അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകത്തിലെത്തി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പുറത്തുപറയാൻ തക്ക തീരുമാനങ്ങളിലൊന്നും എത്തിച്ചേർന്നില്ല. കൂടുതൽ കൂടിയാലോചനകളിലൂടെ തർക്കം പരിഹരിക്കുമെന്നും പാർട്ടികൾക്കിടയിൽ ഭിന്നതകളില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാകില്ലെന്നും ആവശ്യമായി വന്നാൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം തുറന്നടിച്ചു. എല്ലാ പ്രധാന പദവികളും ഒരു പാർട്ടിക്ക് തന്നെ നൽകുന്ന രീതി മാറണമെന്നും ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തൊട്ടടുത്തുള്ള കസേര കെ രാജന് വേണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ. എന്നാൽ മുൻപ് കോടിയേരി ബാലകൃഷ്ണൻ വഹിച്ച പദവിയുടെ കീഴ്വഴക്കം മുൻനിർത്തി കെ എൻ ബാലഗോപാലിനെ ഉപനേതാവാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്.

ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും മുൻപ് തന്നെ ബാലഗോപാൽ സഭയിൽ ഉപനേതാവെന്ന രീതിയിൽ ഇടപെട്ടു തുടങ്ങിയത് സിപിഐയെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ മുന്നണിയിലെ സമവായ സാധ്യതകൾ മങ്ങുകയും എൽഡിഎഫ് യോഗങ്ങൾ വരെ നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. സിപിഎമ്മിനും സിപിഐക്കും ഒരേ രാഷ്ട്രീയമാണുള്ളതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയെങ്കിലും ഉപനേതാവ് തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും.

Crisis Continues Over Deputy Opposition Leader Post: CPM-CPI Bilateral Talks Remain Inconclusive

More Stories from this section

family-dental
witywide