
ടെഹ്റാൻ: ഇറാൻ – അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് സാധ്യമല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയ്ക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് നിർണായക കരാറിൽ ഒപ്പുവെക്കേണ്ടത് സ്പീക്കർ ഗാലിബാഫായതിനാൽ അവസാന നിമിഷത്തിലെ ഈ കടുത്ത നിലപാട് കരാറിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമായിട്ടുണ്ട്. നേരത്തെ ഇറാൻ – യു.എസ്. സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കുമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കുമെന്നുമായിരുന്നു ഡോണൾഡ് ട്രംപിന്റെ നിലപാട്. സമാധാന ധാരണാപത്രം ഒപ്പിടുന്നത് നേരിട്ടായേക്കില്ലെന്ന സൂചനകളുമുണ്ട്. വേദിയാകാൻ സ്വിറ്റ്സർലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും ഇപ്പോൾ ഒപ്പിടുന്ന കേവലം രണ്ട് പേജുള്ള ധാരണാപത്രം അതത് രാജ്യങ്ങളിലിരുന്ന് തന്നെ പരസ്പരം അംഗീകരിച്ച് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുറേനിയം ശേഖരം നീക്കുകയും ആണവ പദ്ധതി അവസാനിപ്പിക്കുകയും ചെയ്യുന്നതാകും അന്തിമ കരാറെങ്കിലും, ഇതിനെച്ചൊല്ലി തീവ്ര നിലപാടുള്ളവരും നയതന്ത്ര സ്വഭാവമുള്ളവരും തമ്മിൽ ഇറാനിൽ ഭിന്നത ശക്തമാണ്. ധാരണയ്ക്കായി കിണഞ്ഞു ശ്രമിക്കുന്നതിനെച്ചൊല്ലി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയെ ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി കടന്നാക്രമിച്ചതും ഈ ഭിന്നതയുടെ തെളിവാണ്.
ഇതിനിടെ ഇറാന് അമേരിക്ക യുദ്ധ നഷ്ടപരിഹാരം നൽകുന്നതും ഫണ്ട് കൈമാറുന്നതും ധാരണയിലുണ്ടായേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ ഇറാന് യു.എ.ഇ. മുന്നൂറ് കോടി ഡോളർ ഫണ്ട് നൽകുമെന്ന മാധ്യമ റിപ്പോർട്ടുകൾ യു.എ.ഇ. തള്ളിക്കളഞ്ഞു. ഇറാനുമായി ഊർജ്ജ കരാറിലേക്ക് ഖത്തർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഖത്തറും നിഷേധിച്ചിട്ടുണ്ട്. ഇരു പക്ഷത്തും ധാരണയെ അനുകൂലിച്ചും വിമർശിച്ചും മാധ്യമ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ശക്തമായി തുടരുന്നതിനിടയിലാണ് ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ചർച്ചകൾ നിർത്തിവെക്കുമെന്ന കടുത്ത നിലപാടിലേക്ക് ഇറാൻ നീങ്ങിയത്. അതേസമയം അമേരിക്കയുമായുള്ള ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
Iran Threatens to Pull Out of Peace Talks with US Following Israeli Attack on Lebanon













