
വാഷിംഗ്ടൺ: ഇറാനെ ചർച്ചകളുടെ മേശയിലേക്ക് എത്തിക്കുന്നതിനായി സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി, പെന്റഗണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നു. ഇറാനെതിരെയുള്ള പരിഷ്കരിച്ച സൈനിക പദ്ധതികളെക്കുറിച്ച് പ്രതിരോധ ഉദ്യോഗസ്ഥർ പ്രസിഡന്റിന് വിശദീകരണം നൽകുമെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരുൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ ഈ നിർണ്ണായക ബ്രീഫിംഗിൽ പങ്കെടുക്കും.
നിലവിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ മന്ദഗതിയിലാണെങ്കിലും, തന്റെ മുന്നിലുള്ള എല്ലാ വഴികളും തുറന്നുതന്നെയാണെന്ന സൂചനയാണ് പുതിയ നീക്കത്തിലൂടെ ട്രംപ് നൽകുന്നത്. ഇറാന്റെ ആണവ പദ്ധതികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ സാമ്പത്തികമായി തളർത്തുന്ന തന്ത്രമാണ് ട്രംപ് ഇപ്പോൾ പയറ്റുന്നത്. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ട്രംപിന്റെ നീക്കം.
ഈ ഉപരോധം ഒരു ‘അത്യപൂർവ്വ തന്ത്രം’ ആണെന്നും ഇറാൻ കീഴടങ്ങുന്നത് വരെ ഇത് തുടരുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബോംബിംഗ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാൻ പെന്റഗൺ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെങ്കിലും, ഇറാനുമായി ഒരു കരാറിലെത്തി സൈനിക നടപടികൾ ഒഴിവാക്കാനാണ് പ്രസിഡന്റിന് ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ നിലനിൽക്കുന്ന വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് തുടരുന്നതിനാൽ കരാറിലെത്താൻ തനിക്ക് തിടുക്കമില്ലെന്ന നിലപാടിലാണ് ട്രംപ്.














