മഡുറോയെ നീക്കിയതിന് ശേഷം ആദ്യ കൂടിക്കാഴ്ച; വെനസ്വേലൻ ഇടക്കാല പ്രസിഡന്റുമായി ട്രംപ് ചർച്ച നടത്തും

ന്യൂയോർക്ക്: വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തും. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക നീക്കം ചെയ്തതിന് ശേഷം ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തുന്ന നേതാക്കൾക്കായി ട്രംപ് ഒരുക്കുന്ന സ്വീകരണത്തിനിടെയാകും കൂടിക്കാഴ്ച. യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് ഇക്കാര്യം സ്ഥിരീകരിച്ചു. വെനസ്വേലയുടെ ഊർജമേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചർച്ചകൾ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഇരുനേതാക്കളും എന്ത് വിഷയങ്ങൾ ചർച്ച ചെയ്യുമെന്നതിൽ കൂടുതൽ വിവരങ്ങൾ വാൾട്സ് നൽകിയില്ല. വെനസ്വേലൻ സർക്കാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.വെനസ്വേലയുടെ വൻ എണ്ണശേഖരത്തിൽ അമേരിക്കയ്ക്ക് ഭാഗിക നിയന്ത്രണം ലഭിക്കുന്ന തരത്തിലുള്ള ഊർജകരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തത്തോടെ തകർച്ച നേരിട്ട വെനസ്വേലൻ ഊർജമേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.

അതേസമയം, വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ രാജ്യത്തേക്ക് മടങ്ങി പൊതുപിന്തുണ തേടുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വിവാദമായ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഏറെക്കാലം ഒളിവിൽ കഴിഞ്ഞിരുന്ന മച്ചാഡോ കഴിഞ്ഞ വർഷം അവസാനം നൊബേൽ സമാധാന പുരസ്കാരം സ്വീകരിക്കാനായി രാജ്യം വിട്ടിരുന്നു.

മഡുറോയെ നീക്കം ചെയ്യുന്നതിന് മുമ്പുതന്നെ ട്രംപുമായി സഖ്യം രൂപീകരിക്കാൻ മച്ചാഡോ ശ്രമിച്ചിരുന്നു. എന്നാൽ മഡുറോ പുറത്തായതിന് ശേഷം ട്രംപ് പലതവണ റോഡ്രിഗസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഡുറോയുടെ മുൻ ഡെപ്യൂട്ടിയായിരുന്ന റോഡ്രിഗസ്, ജനുവരിയിൽ മഡുറോയെ അമേരിക്ക നീക്കം ചെയ്തതിന് പിന്നാലെയാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായത്. തുടർന്ന് ട്രംപ് ഭരണകൂടവുമായി നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ച റോഡ്രിഗസിന്റെ സർക്കാർ അടുത്തിടെ അമേരിക്കയുമായി ഊർജകരാറിലും ഒപ്പുവച്ചു.

Trump to meet Venezuela acting president Delcy Rodriguez, first since Maduro’s removal

More Stories from this section

family-dental
witywide