മിന്നും വിജയത്തിന് ശേഷം അമേരിക്കയിലെ ‘മലയാളി മേയറുടെ’ പ്രതികരണം; ‘ഒരു കുടിയേറ്റക്കാരിയെ തിരഞ്ഞെടുത്തതിന് നന്ദി, ഇനി ഒന്നിച്ച് പ്രവർത്തിക്കാം’

ലോസ് ഏഞ്ചൽസ്: അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക ഘട്ടത്തിൽ ലോസ് ഏഞ്ചൽസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് നഗരത്തിന്‍റെ പുതിയ മേയർ നിത്യ രാമൻ. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത് കുടിയേറ്റക്കാരെ അകറ്റിനിർത്തുന്ന പ്രവണതകൾ ശക്തമായ ഈ കാലഘട്ടത്തിൽ, ഒരു കുടിയേറ്റക്കാരിയെ നഗരത്തിന്‍റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കാൻ ഏഞ്ചൽസ് നിവാസികൾ കാണിച്ച മനസ്സ് വലിയൊരു മാറ്റത്തിന്‍റെ തുടക്കമാണെന്ന് അവർ വ്യക്തമാക്കി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നോ ലോകത്തിന്‍റെ മറ്റ് കോണുകളിൽ നിന്നോ എത്തി ഇവിടെ സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിച്ച കുടിയേറ്റക്കാരുടെ നഗരമാണ് ലോസ് ഏഞ്ചൽസെന്ന് നിത്യ രാമൻ ഓർമ്മിപ്പിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നഗരത്തിൽ നടപ്പിലാക്കിയ കർശനമായ കുടിയേറ്റ വിരുദ്ധ പരിശോധനകൾക്കും നാടുകടത്തലുകൾക്കും ശേഷമാണ് ഈ ചരിത്രവിജയം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായിരുന്ന മുൻ മേയർ കറൻ ബാസിന്‍റെ സേവനങ്ങളെയും അവർ അഭിനന്ദിച്ചു. ദീർഘകാലത്തെ സേവനത്തിലൂടെ ലോസ് ഏഞ്ചൽസിനെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരമാക്കി മാറ്റിയതിൽ കറൻ ബാസ് പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ കയ്പ്പേറിയ അനുഭവങ്ങളെല്ലാം അവസാനിച്ചെന്നും, നഗരത്തിന്‍റെ പുരോഗതിക്കായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പുതിയ പാർപ്പിടങ്ങൾ നിർമ്മിക്കുക, പൊതുസുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക വളർച്ച കൈവരിക്കുക എന്നിവയാണ് തന്‍റെ പ്രധാന മുൻഗണനകളെന്നും നിത്യ രാമൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide