ഭരണം നഷ്ടപ്പെട്ടാൽ ‘മിസ്റ്റർ വീറ്റോ’ ആകുമെന്ന് ട്രംപ്; യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നേരിടാൻ വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്താൽ, അവരുടെ നിയമനിർമ്മാണങ്ങളെ ‘വീറ്റോ’ അധികാരം ഉപയോഗിച്ച് ശക്തമായി തടയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ദി ന്യൂയോർക്ക് പോസ്റ്റ്’ മാധ്യമപ്രവർത്തക മിറാൻഡ ഡിവൈന്റെ ‘പോഡ് ഫോഴ്സ് വൺ’ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ട്രംപ് തന്റെ ഭാവി തന്ത്രങ്ങൾ പരസ്യമാക്കിയത്. സഭകളിൽ തിരിച്ചടിയുണ്ടായാൽ നിയമപരമായ ബദൽ ഭരണനടപടികളുമായി മുന്നോട്ട് പോകാൻ വൈറ്റ് ഹൗസ് അതീവരഹസ്യമായി തയ്യാറെടുപ്പുകൾ നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയാൽ താൻ ‘മിസ്റ്റർ വീറ്റോ’ ആയി മാറുമെന്ന് ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി. “അവർ ബില്ലുകൾ പാസാക്കി അയക്കും, ഞാൻ അത് വീറ്റോ ചെയ്യും. ഒന്നുരണ്ട് മാസങ്ങൾക്ക് ശേഷം ആ ബില്ലുകൾ വെറും ചവറ്റുകുട്ടയായി മാറും. കാര്യങ്ങൾ നശിപ്പിക്കാൻ ഞാൻ അവരെ അനുവദിക്കില്ല. വീറ്റോകൾക്ക് ശേഷം അവരെ ചർച്ചയ്ക്ക് വിളിച്ച് നമുക്കൊരു ധാരണയിലെത്താം,” ട്രംപ് പറഞ്ഞു. രണ്ടാം ഭരണകാലയളവിൽ ട്രംപ് ഇതുവരെ രണ്ട് തവണയും, ഒന്നാം ഭരണകാലത്ത് 10 തവണയും വീറ്റോ അധികാരം ഉപയോഗിച്ചിട്ടുണ്ട്.

അതേസമയം, കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലാത്ത എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ കുടിയേറ്റം, താരിഫുകൾ, ഭവന നിർമ്മാണം, പൊതുചെലവുകൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നടപ്പിലാക്കാനാണ് വൈറ്റ് ഹൗസ് ഒരുങ്ങുന്നത്. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, ബജറ്റ് ഡയറക്ടർ റസ്സൽ വോട്ട് എന്നിവരടങ്ങുന്ന മുതിർന്ന ഉദ്യോഗസ്ഥരും നിയമവിദഗ്ധരും കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇതിനായുള്ള പദ്ധതികൾ തയ്യാറാക്കിവരികയാണ്. പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങളുടെ നിയമപരമായ പരിധികളും, ഇവ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടാൽ എങ്ങനെ പ്രതിരോധിക്കണം എന്നതുമാണ് വൈറ്റ് ഹൗസ് ലീഗൽ കൗൺസിൽ പരിശോധിക്കുന്നത്.

പ്രതിപക്ഷം സഭകളുടെ നിയന്ത്രണം ഏറ്റെടുത്താൽ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ഔദ്യോഗിക അന്വേഷണങ്ങളും ഹിയറിംഗുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ട്രംപിന്റെ ഉപദേശകർ രൂപീകരിക്കുന്നുണ്ട്. നിലവിൽ യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. എന്നാൽ പുതിയ രാഷ്ട്രീയ സർവേകൾ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ സാഹചര്യം പ്രവചിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിനെ ആശ്രയിക്കാതെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ വൈറ്റ് ഹൗസ് മുൻകൂട്ടി തയാറെടുക്കുന്നത്.

Trump to take drastic measures in the event of a setback in the midterms; White House plans to continue governing through executive orders.

More Stories from this section

family-dental
witywide