കൂടുതൽ വിവേകത്തോടെ പെരുമാറൂ, നെതന്യാഹുവിനോട് ട്രംപിന്റെ കടുത്ത നിലപാട്; ഇസ്രയേൽ നീക്കങ്ങളിൽ കടുത്ത അതൃപ്തി

പാരീസ്: ലെബനനിലെ സൈനിക നടപടികളിൽ ഇസ്രായേൽ കൂടുതൽ വിവേകത്തോടെ പെരുമാറണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുമ്പോഴും ആക്രമണങ്ങളുടെ കാര്യത്തിൽ അവർ കൃത്യമായ വിവേചനാധികാരം കാണിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ സംരക്ഷിക്കാൻ ഇസ്രായേലിന് സാധിക്കണമെന്നും എന്നാൽ അതേസമയം തന്നെ വിവേകപൂർണ്ണമായ തീരുമാനങ്ങൾ അവർ കൈക്കൊള്ളണമെന്നുമാണ് താൻ ആവശ്യപ്പെടുന്നതെന്ന് ട്രംപ് ആവർത്തിച്ചു.

ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക നീക്കങ്ങളിലും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാടുകളിലും ട്രംപ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ഇസ്രായേൽ ഭരണകൂടം കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകളെ സങ്കീർണ്ണമാക്കുന്നു എന്നതിനാലാണ് ട്രംപ് നെതന്യാഹുവിനെതിരെ രംഗത്തെത്തിയത്. ഏത് വെടിനിർത്തൽ കരാറിന്റെയും ഭാഗമായി ലബനനിലെ സംഘർഷങ്ങൾ കൂടി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്.

അതേസമയം, ട്രംപുമായി പരസ്യമായൊരു തർക്കത്തിന് മുതിരാതിരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളെക്കുറിച്ച് സംസാരിക്കവെ, താനും പ്രസിഡന്റ് ട്രംപും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് നെതന്യാഹു സമ്മതിച്ചു. എങ്കിലും ഇസ്രായേലിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അത് തികച്ചും യുക്തിപൂർവ്വം തന്നെ നടപ്പിലാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

More Stories from this section

family-dental
witywide