നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സംഭവിച്ച നാവുപിഴ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ നടന്ന മിസൈൽ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഇറാന് പകരം ജപ്പാന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ’ തങ്ങൾക്ക് നേരെ 111 മിസൈലുകൾ പ്രയോഗിച്ചെന്നും യുഎസ്എസ് എബ്രഹാം ലിങ്കണിനെ ലക്ഷ്യമിട്ടുവന്ന മുഴുവൻ മിസൈലുകളും അമേരിക്ക തകർത്തെന്നുമാണ് ട്രംപ് പ്രസംഗത്തിൽ പറഞ്ഞത്.
അതേസമയം ഇറാനുമായുള്ള സംഘർഷം കൂടുതൽ ശക്തമായാൽ കടുത്ത സൈനിക നടപടികളിലേക്ക് കടക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്ക പരമാവധി ശക്തി ഉപയോഗിച്ച് ആക്രമണം നടത്തുന്നില്ലെന്നും, ആവശ്യമെങ്കിൽ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ചർച്ചകൾ മനപ്പൂർവം വൈകിപ്പിക്കുകയാണെന്നും പേർഷ്യൻ ഉൾക്കടലിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ തിരിച്ചടിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർഗ് ദ്വീപിന്റെ ഒരു ഭാഗം പ്രവർത്തനരഹിതമാക്കിയ കാര്യവും പരാമർശിച്ച ട്രംപ്, എണ്ണ സംഭരണ കേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ അമേരിക്ക മുതിർന്നാൽ തടയാൻ ആർക്കും സാധിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. താൻ സാധാരണ ഇത്തരത്തിൽ സംസാരിക്കാറില്ലെങ്കിലും ഇറാൻ അതിന് അർഹരാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനിടയിൽ ട്രംപിന്റെ നാവുപിഴയുടെ വീഡിയോ ദൃശ്യങ്ങൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
Trump’s ‘Islamic Republic of Japan’ Slip of the Tongue at NATO Summit Goes Viral















