
അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ജന്മാവകാശമാണെന്ന തത്വം ഭരണഘടനാപരമായി ഉറപ്പുനൽകുന്നതാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ കുടിയേറ്റം ശക്തമായി തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട നയപരമായ തീരുമാനത്തിനാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. മാതാപിതാക്കൾക്ക് പൗരത്വമില്ലെങ്കിലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി ലഭിക്കുന്ന ‘ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്’ റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് 6-3 ഭൂരിപക്ഷത്തോടെ വിധി പ്രസ്താവിക്കുകയായിരുന്നു. ഈ അവകാശം റദ്ദാക്കാൻ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കഴിയില്ലെന്ന് കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
അമേരിക്കൻ ഭരണഘടനയുടെ ചരിത്രപരമായ 14-ാം ഭേദഗതിയെ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തിയത്. യുഎസിൽ ജനിക്കുന്നവരും അവിടുത്തെ നിയമപരിധിക്ക് വിധേയരുമായ എല്ലാവരും പൗരന്മാരാണെന്നാണ് 1868 മുതൽ നിലവിലുള്ള ഭരണഘടനാ വ്യവസ്ഥ വ്യക്തമാക്കുന്നത്. എന്നാൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ മക്കൾ പൂർണ്ണമായും അമേരിക്കൻ നിയമപരിധിയിൽ വരുന്നവരല്ലെന്നും, അതിനാൽ അവർക്ക് സ്വാഭാവിക പൗരത്വത്തിന് അവകാശമില്ലെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വാദം. നിലവിലെ പൗരത്വ നയത്തെ ‘അപമാനം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ലോകത്തിലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ കുടിയേറ്റ നയമെന്ന് ഇതിനെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാൽ നൂറ്റാണ്ടിലധികമായി തുടരുന്ന ഈ ഭരണഘടനാപരമായ പരിരക്ഷ ഭരണകൂടത്തിന്റെ പുതിയ വ്യാഖ്യാനങ്ങളിലൂടെ അട്ടിമറിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശ നയതന്ത്രജ്ഞരുടെ മക്കൾക്കും ശത്രുരാജ്യങ്ങളുടെ അധിനിവേശ സേനയിലെ അംഗങ്ങളുടെ മക്കൾക്കും മാത്രമാണ് ഇതിൽ മുൻപ് ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി യുഎസിലെ ലക്ഷക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ട്രംപിന്റെ ഉത്തരവ് നടപ്പിലായിരുന്നെങ്കിൽ പ്രതിവർഷം യുഎസിൽ ജനിക്കുന്ന രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ പൗരത്വത്തെയും ഭാവിെയയും അത് ദോഷകരമായി ബാധിക്കുമായിരുന്നു. ട്രംപ് മന്ത്രിസഭയിലെയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലെയും പ്രമുഖരായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവരെല്ലാം മുൻപ് ഇത്തരത്തിൽ പൗരത്വ ജന്മാവകാശത്തിന്റെ ആനുകൂല്യം ലഭിച്ച കുടിയേറ്റക്കാരുടെ മക്കളാണെന്നത് ഈ ചർച്ചകൾക്കിടയിൽ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിയോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നടപടികൾക്ക് താല്ക്കാലികമായെങ്കിലും കടിഞ്ഞാൺ വീണിരിക്കുകയാണ്.
US Supreme Court Strikes Down Trump’s Executive Order and Upholds Constitutional Birthright Citizenship















