ട്രംപ് ഭരണകൂടത്തിൽ ഭിന്നത രൂക്ഷം? ഇറാൻ-ഇസ്രയേൽ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുമായി വാൻസും റൂബിയോയും

പശ്ചിമേഷ്യൻ സംഘർഷത്തിലും ഇറാനുമായുള്ള സമാധാന ചർച്ചകളിലും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള പ്രാഥമിക കരാറിനെ ട്രംപ് ഭരണകൂടം ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും വിദേശനയത്തിൽ തങ്ങൾ ഒറ്റക്കെട്ടാണെന്ന് വരുത്തിത്തീർക്കാൻ വൈറ്റ് ഹൗസ് ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇരുനേതാക്കളുടെയും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര വിള്ളലുകളാണ് പുറത്തുകൊണ്ടുവരുന്നത്. ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും ഇറാനുമായുള്ള സമാധാന ശ്രമങ്ങളെയും ചൊല്ലിയാണ് പ്രധാനമായും തർക്കം. വാൻസ് കൂടുതൽ സമാധാനപരമായ സമീപനത്തിനും ചർച്ചകൾക്കും മുൻഗണന നൽകുമ്പോൾ, ഇസ്രയേലിന്റെ സൈനിക നീക്കങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന തീവ്ര നിലപാടാണ് റൂബിയോ സ്വീകരിക്കുന്നത്.

ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ യുഎസിന്റെ നിലപാടുകൾ വ്യക്തമാക്കാൻ ട്രംപ് സർക്കാർ ഇരുവരെയും വെവ്വേറെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. വാൻസ് സ്വിറ്റ്സർലൻഡിൽ വെച്ച് ഇറാനിയൻ പ്രതിനിധികളുമായി നേരിട്ട് സമാധാന ചർച്ചകൾ നടത്തിയപ്പോൾ, റൂബിയോ സഖ്യകക്ഷികളായ യുഎഇ, ബഹ്റൈൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളാണ് സന്ദർശിച്ചത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ, യുഎസ്-ഇറാൻ പ്രാഥമിക കരാറിനെ വിമർശിക്കുന്ന ഇസ്രയേൽ അനുകൂലികളെ വാൻസ് രൂക്ഷമായി വിമർശിച്ചു. ബെയ്റൂത്തിലെ ജനവാസകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണം മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎസിന്റെ ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്നതാണെന്ന് വാൻസ് തുറന്നടിച്ചു. അമേരിക്കയും ഇറാനും തമ്മിൽ സഹകരണാടിസ്ഥാനത്തിലുള്ള പുതിയ നയതന്ത്ര ബന്ധം വേണമെന്നാണ് വാൻസിന്റെ പക്ഷം.

എന്നാൽ, ഗൾഫ് സന്ദർശന വേളയിൽ മാർക്കോ റൂബിയോ തികച്ചും കർക്കശമായ നിലപാടാണ് വ്യക്തമാക്കിയത്. വാൻസിന്റെ വിമർശനങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച അദ്ദേഹം, ഇസ്രയേൽ ചെക്ക് പോസ്റ്റിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി ഇസ്രയേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ചു. ഇറാനുമായുള്ള ഏതൊരു കരാറും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഒന്നായിരിക്കണമെന്ന് റൂബിയോ ഊന്നിപ്പറഞ്ഞു. ‘നമുക്ക് ഒരു കരാർ വേണം, എന്നാൽ എന്ത് വിലകൊടുത്തും ഒരു കരാർ ഉണ്ടാക്കുക എന്ന നിലപാട് നമുക്കില്ല’ എന്നാണ് സഖ്യകക്ഷികൾക്ക് റൂബിയോ നൽകിയ ഉറപ്പ്. ആശയവിനിമയത്തിനായി ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ യുഎസ് ക്ഷണിച്ചതായി വാൻസ് വെളിപ്പെടുത്തിയതും റൂബിയോ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇരുവർക്കുമിടയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇവിടെ പ്രസിഡന്റ് ട്രംപിന്റെ ഒരു പക്ഷം മാത്രമേയുള്ളൂവെന്നും ഇറാൻ ഒരിക്കലും അണവായുധം കൈവശപ്പെടുത്തില്ലെന്ന് ഉറപ്പാക്കാൻ ഭരണകൂടം മുഴുവൻ ട്രംപിനൊപ്പമുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വഴിയൊരുക്കിക്കൊണ്ട് യുഎസും ഇറാനും അടുത്തിടെ 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ ആഭ്യന്തര തർക്കങ്ങൾ. വാൻസും റൂബിയോയും 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ളവരായതിനാൽ, ഇപ്പോഴുണ്ടായ വിദേശനയ തർക്കങ്ങൾ പാർട്ടിയുടെ ഭാവി നയരൂപീകരണത്തെപ്പോലും ബാധിച്ചേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Rift in Trump’s Team? JD Vance Prioritizes Peace While Marco Rubio Backs Military Action on Israel-Iran Issue

Also Read

More Stories from this section

family-dental
witywide