അഡൾട്ട് ഫിലിം താരത്തിന്‍റെ മൗനം, നിർണായകമായ ‘ഹഷ് മണി’ കേസ്; ട്രംപിന്‍റെ അപ്പീൽ ഹർജിയിൽ ന്യൂയോർക്ക് കോടതിയിൽ വാദം കേൾക്കൽ ആരംഭിച്ചു

ന്യൂയോർക്ക്: 2016ൽ ഒരു അഡൾട്ട് ഫിലിം താരത്തിന് പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട 34 ഫെലോണി കുറ്റങ്ങളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലിൽ ന്യൂയോർക്ക് കോടതിയിൽ വാദം കേൾക്കൽ തുടങ്ങി. ട്രംപിന്‍റെ പുതിയ അഭിഭാഷക സംഘമാണ് വ്യാഴാഴ്ച അപ്പീൽ കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുന്നത്.

ഈ കേസ് ഒരിക്കലും കോടതിയിൽ എത്തിക്കേണ്ടിയിരുന്നില്ല എന്ന ട്രംപിന്‍റെ മുൻ നിലപാട് തന്നെയാണ് പുതിയ അഭിഭാഷകനായ റോബർട്ട് ഗ്യൂഫ്രയും പ്രധാനമായും കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. 2024 മെയ് മാസത്തിലാണ് മൈക്കൾ കോഹന് നൽകിയ പണം സംബന്ധിച്ച രേഖകൾ തിരിമറി നടത്തിയ കേസിൽ ട്രംപിനെതിരെ ഏകകണ്ഠമായ ജുറി വിധി വന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൗനം പാലിക്കുന്നതിനായി അഡൾട്ട് ഫിലിം താരത്തിന് നൽകിയ 130 ഡോളർ ഫെഡറൽ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും, ഇത് സംസ്ഥാന തലത്തിൽ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കൂടാതെ, പ്രസിഡൻഷ്യൽ ഇമ്മ്യൂണിറ്റി ലംഘിക്കപ്പെട്ടുവെന്നും തട്ടിപ്പ് നടത്തണമെന്ന ഉദ്ദേശ്യം ട്രംപിന് ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകർ വാദിക്കുന്നു.

എന്നാൽ ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടികൾ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ടതല്ലെന്നും അമേരിക്കൻ ജനങ്ങളെയും റെഗുലേറ്റർമാരെയും കബളിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നുമാണ് മൻഹാട്ടൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗിന്റെ പ്രോസിക്യൂഷൻ സംഘം വാദിക്കുന്നത്. ന്യൂയോർക്കിലെ അപ്പീൽ കോടതിയുടെ ഫസ്റ്റ് ഡിപ്പാർട്ട്മെന്റിലാണ് ഇരു വിഭാഗത്തിന്റെയും വാദങ്ങൾ നടക്കുന്നത്. ഇരുപക്ഷത്തിനും 15 മിനിറ്റ് വീതമാണ് വാദങ്ങൾ അവതരിപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. കേസ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതിയായ കോർട്ട് ഓഫ് അപ്പീൽസിലേക്കും, ചിലപ്പോൾ യു.എസ് സുപ്രീം കോടതിയിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ധർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide