അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി, ബോസ്റ്റണിൽ ശ്രീജ റെഡ്ഡി കോയയ്ക്കായി വ്യാപക തിരച്ചിൽ, പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

അനിൽ മറ്റത്തിക്കുന്നേൽ

ബോസ്റ്റൺ: അമേരിക്കയിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്ത് ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ ബോസ്റ്റൺ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. തെലങ്കാന സ്വദേശിനിയും ബോസ്റ്റണിലെ യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സിൽ (UMass Boston) പഠിക്കുന്ന വിദ്യാർഥിനിയുമായ ശ്രീജ റെഡ്ഡി കോയയെ കാണാതായതായാണ് റിപ്പോർട്ട്.

നവംബർ രണ്ടിന് തിങ്കളാഴ്ച രാത്രി ഏകദേശം 9:45-ന് ബോസ്റ്റണിലെ ഡോർചെസ്റ്റർ പ്രദേശത്തുള്ള എഡിസൺ ഗ്രീനിലെ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയ ശ്രീജയെ പിന്നീട് കണ്ടെത്താനായിട്ടില്ല. നവംബർ മൂന്നിനാണ് ഇവരെ കാണാതായതായി പോലീസിൽ റിപ്പോർട്ട് ചെയ്തത്. നവംബർ നാലിന് ബോസ്റ്റൺ പോലീസ് ഔദ്യോഗിക തിരോധാന അറിയിപ്പ് പുറത്തിറക്കി. പോലീസ് നൽകുന്ന വിവരമനുസരിച്ച് ശ്രീജയ്ക്ക് ഏകദേശം അഞ്ചടി മൂന്നിഞ്ച് മുതൽ അഞ്ചടി അഞ്ചിഞ്ച് വരെ ഉയരമുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയും കറുത്ത മുടിയുമുള്ള ശ്രീജയെ അവസാനമായി കണ്ടപ്പോൾ കറുത്ത ജാക്കറ്റും നീല ജീൻസുമായിരുന്നു ധരിച്ചിരുന്നത്.

ബോസ്റ്റണിലെ കാർസൺ ബീച്ച് (Carson Beach), ഹാർബർ പോയിന്റ് (Harbor Point) എന്നിവിടങ്ങളുടെ പരിസരത്ത് ശ്രീജ ഉണ്ടായിരിക്കാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീജയെ കാണാതായ വിവരം പുറത്തുവന്നതോടെ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിലും വിദ്യാർഥികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ ശ്രീജയെ കണ്ടെത്താൻ സഹായിക്കണമെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ബോസ്റ്റൺ പോലീസ് തുടരുകയാണ്. ശ്രീജയുടെ തിരോധാനത്തിന് പിന്നിലെ സാഹചര്യം സംബന്ധിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശ്രീജയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബോസ്റ്റൺ പോലീസിന്റെ ഡോർചെസ്റ്റർ ഡിസ്ട്രിക്ട് C-11 ഡിറ്റക്ടീവ് വിഭാഗവുമായി 617-343-4335 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലും വിവരമറിയിക്കാം.

Indian Student Sreeja Reddy Koya Missing in Boston, US; Police Seek Public Help

More Stories from this section

family-dental
witywide