യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി പുകയുന്നു. ഇറാൻ യുദ്ധവും രാജ്യത്തെ വർധിച്ചുവരുന്ന ജീവിതച്ചെലവുകളും തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായെന്ന വിലയിരുത്തലുകൾക്കിടയിൽ, ഹെഗ്സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ട്രംപ് തയ്യാറാകാത്തതാണ് പാർട്ടി നേതാക്കൾക്കിടയിൽ അമർഷം കൂട്ടുന്നത്.
പരാജയത്തെക്കുറിച്ച് ട്രംപ് വ്യക്തമായ മറുപടി നൽകാതിരിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയെ വീണ്ടെടുക്കുന്നതിനെക്കുറിച്ച് കൃത്യമായ നിലപാടുകളുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയുമാണ് തിരിച്ചടിക്ക് കാരണമായതെന്ന് തുറന്നുപറഞ്ഞ വാൻസിനെ മുൻനിർത്തി 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാകുന്നുണ്ട്. അതേസമയം, ഇറാൻ യുദ്ധത്തിലെ സൈനിക നയതന്ത്ര പിഴവുകളുടെ പേരിൽ ഹെഗ്സേത്തിന് മേൽ പഴിചാരാനാണ് റിപ്പബ്ലിക്കൻ പ്രതിനിധികളുടെ നീക്കം.
മറുവശത്ത്, ജനപ്രതിനിധിസഭയും സെനറ്റും പിടിച്ചെടുത്ത ഡെമോക്രാറ്റുകൾ ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെയുള്ള സാമ്പത്തിക ബിസിനസ് ഇടപാടുകളിൽ അന്വേഷണം നടത്താൻ നടപടികൾ ആരംഭിച്ചു. ഇതിനായി സുപ്രധാന രേഖകൾ സംരക്ഷിക്കണമെന്ന് നിർദേശിച്ച് സെനറ്റംഗങ്ങൾ കത്ത് നൽകിക്കഴിഞ്ഞു. കുത്തഴിഞ്ഞ ഭരണവ്യവസ്ഥ പുനഃസ്ഥാപിക്കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഹക്കീം ജെഫ്രീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപിന്റെ ക്രിപ്റ്റോ ബിസിനസുകളിൽ നിന്ന ലഭിച്ച 1.4 ബില്യൺ ഡോളറിന്റെ വരുമാനവും മീം കോയിൻ വഴിയുള്ള തുകയും കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കൂടാതെ, ബഹാമസിൽ വെച്ച് നടന്ന ട്രംപ് ജൂനിയറിന്റെ വിവാഹപാർട്ടിക്ക് റഷ്യൻ ശതകോടീശ്വരൻ സാമ്പത്തിക സഹായം നൽകിയെന്ന ആരോപണത്തിലും ഡെമോക്രാറ്റുകൾ അന്വേഷണത്തിന് തയാറെടുക്കുകയാണ്.
US Midterm Election Setback: Dissatisfaction Grows Against Trump in Republican Party; Defense Secretary Pete Hegseth May Be Ousted















