
വാഷിംഗ്ടൺ: പ്രസിഡന്റ് പദവിയുടെ അവസാന രണ്ട് വർഷങ്ങളിലേക്ക് കടക്കുമ്പോൾ, തന്റെ പ്രസ്റ്റീജ് പ്രോജക്ടായ പ്രെസിഡൻഷ്യൽ ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഡോണൾഡ് ട്രംപ്. നിലവിലുള്ളതും മുൻകാലങ്ങളിലെതുമായ ഉപദേശകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കോർപ്പറേഷനുകളുടെയും അടുത്ത സഖ്യകക്ഷികളുടെയും വൻതുക സംഭാവനകളാണ് ഈ പദ്ധതിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ, ലൈബ്രറിയുടെ ഫണ്ടിംഗിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണങ്ങൾ നടത്തുമെന്ന് നിയമനിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. എലിസബത്ത് വാറൻ ഉൾപ്പെടെയുള്ള പ്രമുഖ ഡെമോക്രാറ്റ് നേതാക്കൾ ഈ വിഷയത്തിൽ കർശന നിലപാടുമായി രംഗത്തുണ്ട്.
മിയാമിയിൽ 47 നിലകളുള്ള കൂറ്റൻ ടവർ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ള എസ്കലേറ്ററുകൾ, പൂർണ്ണ വലുപ്പത്തിലുള്ള എയർഫോഴ്സ് വൺ വിമാനം, 2024-ൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ കൈ ഉയർത്തിപ്പിടിച്ചുള്ള ഭീമാകാരമായ പ്രതിമ എന്നിവ ഈ പദ്ധതിയിലുണ്ട്. എന്നാൽ ഇത് പരമ്പരാഗതമായ ലൈബ്രറികൾക്ക് പകരം ഒരു ഹോട്ടലായിരിക്കുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് സൂചിപ്പിച്ചത്.
ട്രംപിന്റെ മകൻ എറിക് ട്രംപും മരുമകൻ മൈക്കൽ ബൂലോസും ചേർന്ന് നടത്തുന്ന ‘ഡോണൾഡ് ജെ. ട്രംപ് പ്രെസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷൻ’ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2027 അവസാനത്തോടെ 95 കോടി ഡോളർ സമാഹരിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. മുൻ പ്രസിഡന്റുമാർ ഇതേ ഘട്ടത്തിൽ സമാഹരിച്ച തുകയേക്കാൾ വളരെ കൂടുതലാണിത്. ഖത്തർ നൽകിയ ആഡംബര ബോയിംഗ് 747 വിമാനം ലൈബ്രറിക്ക് നൽകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് വലിയ തോതിലുള്ള ഫണ്ടിംഗ് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്കും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കുമിടയിൽ ട്രംപിന്റെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.














