ഇന്ത്യ-നേപ്പാൾ അതിർത്തി തർക്കത്തിൽ വൻ വഴിത്തിരിവ്: 210 വർഷം പഴക്കമുള്ള സുഗൗളി കരാറിൻ്റെ യഥാർത്ഥ രേഖകൾ കാണാനില്ലെന്ന് നേപ്പാൾ

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കത്തിൻ്റെ കേന്ദ്രബിന്ദുവായ 210 വർഷം പഴക്കമുള്ള ‘സുഗൗളി കരാറി’ൻ്റെ യഥാർത്ഥ രേഖകൾ കണ്ടെത്താനാകാതെ നേപ്പാൾ സർക്കാർ. ചരിത്രപ്രധാനമായ ഈ കരാറിൻ്റെ ഒറിജിനൽ പകർപ്പ് കൈവശമുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പാർലമെൻ്റിനെ അറിയിച്ചു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയുമായുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ വെളിപ്പെടുത്തൽ നേപ്പാളിന് വലിയ തിരിച്ചടിയാണ്.

കരാറിൻ്റെ യഥാർത്ഥ രേഖകൾ കണ്ടെത്താനായി നേപ്പാൾ പാർലമെൻ്ററി സമിതി ദേശീയ ആർക്കൈവ്സ്, മ്യൂസിയങ്ങൾ, വിവിധ മന്ത്രാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ലഭ്യമായ ചില രേഖകൾ ഒറിജിനൽ ആണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാൻ കഴിയൂ എന്ന് മുൻ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യാവാലിയും വ്യക്തമാക്കിയിരുന്നു. 1950-ലെ ഇന്ത്യ-നേപ്പാൾ സമാധാന സൗഹൃദ കരാറിൻ്റെ ഒറിജിനൽ പകർപ്പും നിലവിൽ നേപ്പാളിന്റെ പക്കലില്ല.

എന്താണ് സുഗൗളി കരാർ?

1814-16 ലെ ആംഗ്ലോ-നേപ്പാൾ യുദ്ധത്തിൽ നേപ്പാൾ പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളും തമ്മിൽ ഒപ്പുവെച്ചതാണ് സുഗൗളി കരാർ. ഈ കരാറിലെ ആർട്ടിക്കിൾ 5 പ്രകാരം ‘കാളി’ (മഹാകാളി) നദിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളുടെ അവകാശം നേപ്പാൾ ഉപേക്ഷിക്കുകയും, ഈ നദി ഇരു രാജ്യങ്ങളുടെയും പടിഞ്ഞാറൻ അതിർത്തിയായി നിശ്ചയിക്കുകയും ചെയ്തു. കാളി നദിയുടെ ഉത്ഭവസ്ഥാനത്തെച്ചൊല്ലിയുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം. നദി ഉത്ഭവിക്കുന്നത് ലിംപിയാധുരയിൽ നിന്നാണെന്നാണ് നേപ്പാളിൻ്റെ വാദം. അതനുസരിച്ച് ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ നേപ്പാളിൻ്റെ ഭാഗമാകും. എന്നാൽ ലിപുലേഖിന് താഴെയുള്ള നീരുറവകളിൽ നിന്നാണ് നദി ആരംഭിക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. ചരിത്രപരമായി ഈ പ്രദേശങ്ങൾ ഉത്തരാഖണ്ഡിൻ്റെ (പഴയ ഉത്തർപ്രദേശ്) പിത്തോരഗഡ് ജില്ലയുടെ ഭാഗമായി ഇന്ത്യയാണ് ഭരിക്കുന്നത്.

2020-ൽ അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി ഈ മൂന്ന് തർക്കപ്രദേശങ്ങളും ഉൾപ്പെടുത്തി നേപ്പാളിൻ്റെ പുതിയ ഭൂപടം നിർമ്മിക്കുകയും പാർലമെൻ്റിൻ്റെ അംഗീകാരം നേടുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇന്ത്യയും ചൈനയും ലിപുലേഖ് വഴി വ്യാപാരം പുനരാരംഭിക്കാൻ ധാരണയായപ്പോഴും നേപ്പാൾ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ കരാറിൻ്റെ ഒറിജിനൽ ഭൂപടങ്ങളോ രേഖകളോ ഹാജരാക്കാൻ കഴിയാത്തത് അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ വാദങ്ങൾ ശക്തമായി ഉന്നയിക്കുന്നതിന് നേപ്പാളിന് പ്രതിസന്ധി സൃഷ്ടിക്കും.

Major breakthrough in India-Nepal border dispute: Nepal says original documents of 210-year-old Sugauli Treaty missing