
പിയോറിയ (ഇല്ലിനോയിസ്): യുഎസിലെ ഇല്ലിനോയിസ് സംസ്ഥാനത്തുള്ള പിയോറിയയിലെ വ്യവസായ മേഖലയിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെ തുടർന്ന് ഒരു മൈൽ ചുറ്റളവിലുള്ള താമസക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ‘ബയോഊർജ’ എഥനോൾ പ്ലാന്റിന് സമീപമാണ് സംശയാസ്പദമായ രീതിയിൽ ഒരു പാക്കേജ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ ഇത് അതീവ അപകടകരമായ സ്ഫോടകവസ്തുവാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് പ്ലാന്റിന്റെ ഒരു മൈൽ സ്ഫോടന പരിധിയിലുള്ള മുഴുവൻ ആളുകളോടും ഉടൻ ഒഴിഞ്ഞുപോകാൻ പോലീസ് അടിയന്തര സന്ദേശങ്ങൾ വഴി നിർദ്ദേശം നൽകുകയായിരുന്നുവെന്ന് പിയോറിയ പോലീസ് ചീഫ് ബ്രാഡ് ഡിക്സൺ ശനിയാഴ്ച പുലർച്ചെ അറിയിച്ചു.
നിർവീര്യമാക്കി, തെരച്ചിൽ തുടരുന്നു
ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ രാത്രി 9:12-ഓടെ കണ്ടെത്തിയ സ്ഫോടകവസ്തു നിർവീര്യമാക്കി. എങ്കിലും, വിശാലമായ എഥനോൾ പ്ലാന്റ് പരിസരത്ത് മറ്റ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി സുരക്ഷാ സേനയുടെ വ്യാപകമായ തെരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ പാക്കേജ് മാത്രമാണ് നിർവീര്യമാക്കിയതെന്നും പ്ലാന്റ് മേഖല പൂർണ്ണമായും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും പോലീസ് ചീഫ് വ്യക്തമാക്കി.
സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിയോറിയ പോലീസ്, ഫയർ ഡിപ്പാർട്ട്‌മെന്റ്, കൗണ്ടി ഷെരീഫ് ഓഫീസ്, ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് എന്നിവരുമായി ചേർന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് റയാൻ പ്രെസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.















