
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഉപരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി കരമാർഗ്ഗമുള്ള ആയുധക്കടത്തും അനധികൃത സാമ്പത്തിക ഇടപാടുകളും തടയാനായി അമേരിക്ക പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകി. ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ (Task Force Iron Gate) എന്ന് പേരിട്ടിരിക്കുന്ന പുതിയ ദൗത്യസേനയുടെ രൂപീകരണം യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ ആണ് പ്രഖ്യാപിച്ചത്.
കടൽമാർഗ്ഗമുള്ള ഉപരോധം വിജയകരമായി തുടരുന്ന പശ്ചാത്തലത്തിൽ, കരഅതിർത്തികളിലൂടെയും കാസ്പിയൻ കടൽ വഴിയുമുള്ള ഇറാന്റെ ആയുധക്കടത്തും ഇരട്ട ഉപയോഗ സാങ്കേതികവിദ്യകളുടെ കൈമാറ്റവും തടയുകയാണ് സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. അമേരിക്കൻ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ടാസ്ക് ഫോഴ്സിൽ 20-ഓളം സൈനിക-സിവിലിയൻ വിദഗ്ധർ അടങ്ങുന്നു. യുഎസ് ഉപരോധം കാരണം കടൽമാർഗ്ഗമുള്ള എണ്ണക്കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്ന് ചൈനയുമായും റഷ്യയുമായും കരമാർഗ്ഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം ഇറാൻ ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.















