56 ഇഞ്ചുകാരൻ ഇത്രയും ഭീരുവോ? ‘ജന്തർമന്തർ @ കൊച്ചി’യിൽ മോദിയെ കടന്നാക്രമിച്ച് അഭിജിത് ദീപ്കെയും പ്രകാശ് രാജും; ‘ഈ തലമുറയ്ക്ക് മോദിയെ വേണ്ട’

കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സി.ജെ.പി കൊച്ചിയിൽ സംഘടിപ്പിച്ച ‘ജന്തർമന്തർ അറ്റ് കൊച്ചി’ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും 56 ഇഞ്ചുകാരൻ എത്രമാത്രം ഭീരുവാണെന്ന് സമരങ്ങളോടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കുന്നുണ്ടെന്നും ദീപ്കെ ആരോപിച്ചു. മാധ്യമങ്ങളെ കാണാൻ മടിക്കുന്ന പ്രധാനമന്ത്രി ചോദ്യങ്ങളെയാണ് ഭയക്കുന്നതെന്നും, ജവഹർലാൽ നെഹ്‌റുവിനും മഹാത്മാഗാന്ധിക്കും ഒപ്പം നിൽക്കാൻ നരേന്ദ്ര മോദിക്ക് എത്ര വർഷം ഭരിച്ചാലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന് മുന്നിൽ കീഴടങ്ങുകയും രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിക്കുകയും ചെയ്ത ഭരണകൂടമാണ് സി.ജെ.പിക്ക് വിദേശ സംഭാവന ലഭിക്കുന്നു എന്ന് ആരോപിക്കുന്നതെന്ന് ദീപ്കെ തുറന്നടിച്ചു. തങ്ങൾ അരാജകവാദികളല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അംബേദ്ക്കറിസ്റ്റുകളാണെന്നും വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് കലാപത്തിന്റെ ഓർമ്മകൾ പങ്കുവെച്ച അദ്ദേഹം, രാജ്യത്തെ കുട്ടികളോട് കരുതലില്ലാത്ത നിലവിലെ ഭരണകൂടത്തിന് 2029-ലെ തിരഞ്ഞെടുപ്പിലൂടെ അധികാരമാറ്റം ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പ്രതിഷേധത്തിൽ സംസാരിച്ച നടൻ പ്രകാശ് രാജും പ്രധാനമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. രാജ്യത്തെ പുതിയ തലമുറയ്ക്ക് മോദിയെ ആവശ്യമില്ലെന്നും ജനാധിപത്യം തിരിച്ചുപിടിക്കാൻ ഭഗത് സിംഗിനെപ്പോലെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മനുസ്മൃതിയിൽ പറയുന്ന രീതിയിലല്ല ഭരണഘടന അനുസരിച്ചാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്നും, രാജ്യവ്യാപകമായി ഉയരുന്ന ഈ പ്രക്ഷോഭത്തിൽ പാർലമെന്റിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘Jantar Mantar at Kochi’: Abhijit Deepke and Prakash Raj Launch Scathing Attack on PM Modi; Prakash Raj Says New Generation Doesn’t Want Modi

More Stories from this section

family-dental
witywide