വാഷിങ്ടൺ: ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാനിൽ വീണ്ടും കനത്ത വ്യോമാക്രമണം നടത്തിയതായി അമേരിക്ക. വ്യാഴാഴ്ച നടത്തിയ ആക്രമണം “ഇറാന്റെ ആക്രമണശ്രമത്തിന് ശക്തമായ മറുപടിയാണ്” എന്ന് യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യയിൽ സംഘർഷത്തിന് നേരിയ ശമനമുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയും ഇറാനും പരസ്പരം നടത്തിയ ആക്രമണങ്ങൾ മേഖല വീണ്ടും സമ്പൂർണ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
രണ്ട് മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിയന്ത്രണത്തിലുള്ള ഡസൻ കണക്കിന് കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി സെൻട്രൽ കമാൻഡ് അറിയിച്ചു. സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ താവളങ്ങൾ, തീരദേശ പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ആക്രമണത്തിൽ ഉൾപ്പെട്ടതായി അമേരിക്ക വ്യക്തമാക്കി. അതേസമയം, പിറാൻഷഹർ അതിർത്തി മേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അമേരിക്ക മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമില്ലെന്നും അറിയിച്ചു.
ജോർദാന്റെ വ്യോമപ്രതിരോധ സംവിധാനം വ്യാഴാഴ്ച രാവിലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച അഞ്ച് മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. എന്നാൽ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.”അവർ മാപ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ അവരെ കുറച്ചൊന്ന് പ്രഹരിക്കേണ്ടതുണ്ട്. ഇനി ഞങ്ങളുടെ ഊഴമാണ്. ഞങ്ങൾ വളരെ ശക്തമായി തിരിച്ചടിക്കും,” എന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഇറാൻ അറിയിച്ചു. ഖുസെസ്താൻ പ്രവിശ്യയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ ഒരു അഭ്യർഥനയും നടത്തിയിട്ടില്ലെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
U.S. military launches new strikes on Iran












