കൊച്ചി: ലയണൽ മെസിയെ കൊണ്ടുവരാമെന്ന പേരിലെ സാമ്പത്തിക ക്രമക്കേടുകളിലും തട്ടിപ്പ് കേസുകളിലും റിപ്പോർട്ടർ ടി.വി ഓഫീസിലും ആന്റോ അഗസ്റ്റിന്റെ വീട്ടിലും നടന്ന റെയ്ഡിന് പിന്നാലെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനം. വീടിന്റെ ഉടമസ്ഥനായ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാകും കേസെടുക്കുകയെന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ധീൻ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനപ്രകാരം അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കും.
ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യശേഖരമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിൽ കൂടുതൽ അളവിൽ വിദേശ മദ്യം, ഫോറിൻ മെയ്ഡ് വൈൻ, കേരള വൈൻ എന്നിവയ്ക്ക് പുറമെ ഇന്ത്യയിൽ വിൽക്കാൻ അനുവാദമില്ലാത്ത മദ്യശേഖരവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിവരമറിയിച്ചതിനെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ പിടിച്ചെടുത്ത മദ്യക്കുപ്പികളുമായി എക്സൈസ് സംഘം മടങ്ങി.
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ആന്റോ അഗസ്റ്റിൻ നിലവിൽ അന്വേഷണം നേരിടുന്നത്. ഇതിന്റെ ഭാഗമായി പുലർച്ചെയോടെ ഒരേസമയം അഞ്ചിടങ്ങളിലായി പോലീസ് റെയ്ഡ് ആരംഭിക്കുകയായിരുന്നു. റെയ്ഡിനിടെയാണ് അനുവദനീയമായതിലും കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
Excise to Register Case Against Anto Augustin Under Abkari Act; Arrest Likely











