
ടെഹ്റാൻ: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍റെ ഔദ്യോഗിക മാധ്യമ സംഘത്തിന് വിസ നിഷേധിച്ച് അമേരിക്ക. പ്രസിഡന്‍റിന്‍റെ ഉന്നതതല പ്രതിനിധി സംഘത്തിലെ ചില അംഗങ്ങൾക്ക് ട്രംപ് ഭരണകൂടം വിസ നിഷേധിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.
യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായ മുൻമാതൃകയില്ലാത്ത ശത്രുതാപരമായ നടപടിയാണിതെന്ന് ഇറാൻ പ്രസിഡന്‍റിന്‍റെ വക്താവിനെ ഉദ്ധരിച്ച് മെഹർ ഏജൻസിയും വ്യക്തമാക്കി. യുഎൻ ഉച്ചകോടിയുടെ ഭാഗമായി പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്താൻ തനിക്ക് താല്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ കടുത്ത നിലപാട്.
ഇരുരാജ്യങ്ങളും തമ്മിൽ ഉച്ചകോടിക്കിടെ ചർച്ചകൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങൾ സമ്മാനിച്ചിരിക്കുന്നത്. ഈ ആഴ്ച നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാനിയൻ പ്രസിഡന്‍റ് ന്യൂയോർക്കിലേക്ക് എത്താനിരിക്കെയാണ് യുഎസിന്‍റെ ഈ നടപടി.














