ട്രംപിന്‍റെ നീക്കത്തിനെതിരെ ഒന്നിച്ച്! സിഎൻഎൻ വിലക്കിനെതിരെ യുഎസ് മാധ്യമങ്ങളുടെ പ്രതിഷേധം; വൈറ്റ് ഹൗസ് കവറേജ് ബഹിഷ്കരിച്ച് ചാനലുകൾ

വാഷിംഗ്ടൺ: മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രമുഖ അമേരിക്കൻ ടെലിവിഷൻ നെറ്റ്‌വർക്കുകൾ ഒന്നടങ്കം രംഗത്ത്. സിഎൻഎൻ പ്രതിനിധിക്ക് കവറേജ് അനുമതി നിഷേധിച്ചതിന് പിന്നാലെ, അവർക്ക് പകരക്കാരെ അയക്കാൻ വിസമ്മതിച്ചുകൊണ്ട് പ്രധാന മാധ്യമശൃംഖലകൾ സംയുക്തമായി വൈറ്റ് ഹൗസ് പൂൾ കവറേജ് നിർത്തിവച്ചു.

എബിസി, സിബിഎസ്, എൻബിസി, ഫോക്സ് ന്യൂസ്, സിഎൻഎൻ എന്നീ അഞ്ച് പ്രധാന മാധ്യമങ്ങൾ ഊഴമനുസരിച്ചാണ് വൈറ്റ് ഹൗസിലെ പ്രസിഡന്‍റിന്‍റെ പരിപാടികൾ പകർത്തി മറ്റ് ലോകമാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ തിങ്കളാഴ്ച ഊഴമുണ്ടായിരുന്ന സിഎൻഎന്നിന് വിലക്കുള്ളതിനാൽ മറ്റാരെയും പകരക്കാരായി നിയോഗിക്കില്ലെന്നും, അതിനാൽ പ്രസിഡന്‍റിന്‍റെ അന്നത്തെ പരിപാടികളുടെ ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്യില്ലെന്നും പൂൾ ചെയർമാനും ഫോക്സ് ന്യൂസ് വാഷിംഗ്ടൺ ബ്യൂറോ ചീഫുമായ ബ്രയാൻ ബോത്തോൺ വ്യക്തമാക്കി.

സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് വിലക്കിയതാണ് നിലവിലെ വൻ വിവാദങ്ങൾക്ക് കാരണം. ഈ തീരുമാനത്തിനെതിരെ വാർത്താ ഏജൻസികൾ ഫെഡറൽ കോടതിയിൽ ഒന്നാം ഭേദഗതി ലംഘനം ചൂണ്ടിക്കാട്ടി ഹർജി നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനായി ന്യൂയോർക്കിലേക്ക് പോകുന്ന ട്രംപിനെ അനുഗമിക്കേണ്ട പൂൾ ടീമിൽ സിഎൻഎൻ ഉൾപ്പെട്ടിരുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് പെട്ടെന്ന് ഈ നീക്കം നടത്തിയത്. പ്രധാന മാധ്യമങ്ങളുടെ ഈ കൂട്ടായ ബഹിഷ്കരണം ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide