
അബുദാബി: ഇറാനിൽ നിന്നുള്ള ഭീഷണികളും ആക്രമണങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ഊർജ്ജ കയറ്റുമതിക്കായി ബദൽ പാതകളും വ്യാപാര മാർഗ്ഗങ്ങളും വികസിപ്പിക്കാനുള്ള നടപടികൾ യുഎഇ ഊർജ്ജിതമാക്കിയതായി പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. അബുദാബിയിൽ സംഘടിപ്പിച്ച ‘ഹിലി ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ തീരത്തെ തുറമുഖങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം പുതിയ പൈപ്പ് ലൈനുകൾ, റെയിൽവേ ശൃംഖലകൾ എന്നിവയുടെ വികസനവും യുഎഇ വേഗത്തിലാക്കിയിട്ടുണ്ട്.
ഇറാനുമായി നയതന്ത്രപരവും പ്രവർത്തനപരവുമായ ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കാം, എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം തകർന്ന വിശ്വാസ്യത വീണ്ടെടുക്കാൻ പതിറ്റാണ്ടുകളെടുക്കുമെന്ന് അൻവർ ഗർഗാഷ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ ഇറാനുമായുള്ള എല്ലാ സാമ്പത്തിക സമ്പർക്കങ്ങളും യുഎഇ പൂർണ്ണമായി നിർത്തിവെച്ചിരുന്നു.
ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ കൂട്ടായ പ്രതികരണം പ്രതീക്ഷിച്ചത്ര ശക്തമായിരുന്നില്ലെന്നും ഗർഗാഷ് വിമർശിച്ചു. “വർഷങ്ങളായി ഇറാന്റെ ഭീഷണിയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഗൾഫ് രാജ്യങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നാൽ ചരിത്രപരമായ ഈ വെല്ലുവിളിയെ നേരിടാൻ ആ ധാരണയെ വേണ്ടത്ര ഐക്യമുള്ളതും തന്ത്രപരവുമായ പ്രതികരണമാക്കി മാറ്റാൻ സാധിച്ചില്ല,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















