
വാഷിംഗ്ടൺ: വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ സാമ്പത്തിക ഊർജ്ജം നൽകിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്ക് 445 മില്യൺ ഡോളറിലധികം (ഏകദേശം 44.5 കോടി ഡോളർ) സംഭാവനയായി നൽകി. പ്രധാന സെനറ്റ് മത്സരങ്ങളിലും റിപ്പബ്ലിക്കൻമാരുടെ ഭൂരിപക്ഷം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾക്കുമായാണ് മസ്ക് ഈ തുക പ്രധാനമായും ചിലവഴിക്കുന്നത്.
ഫെഡറൽ ഇലക്ഷൻ കമ്മീഷൻ രേഖകൾ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ ആദ്യവാരങ്ങളിൽ മാത്രം മസ്ക് തന്റെ ‘അമേരിക്ക പിഎസി’ എന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(പിഎസി) യിലേക്ക് 77 മില്യൺ ഡോളർ നിക്ഷേപിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ ഈ കമ്മിറ്റി പുനരുജ്ജീവിപ്പിച്ച ശേഷം മാത്രം 355 മില്യൺ ഡോളറാണ് മസ്ക് നൽകിയത്. അതായത് പ്രതിദിനം ശരാശരി 3.6 മില്യൺ ഡോളർ വീതം മസ്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുക്കുന്നുണ്ട്.
ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 906 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്ക്, ജോർജ്ജ് സോറോസ്, ജെഫ്രി യാസ് തുടങ്ങിയ പ്രമുഖ ദാതാക്കളെക്കാളെല്ലാം ബഹുദൂരം മുന്നിലാണ്. മസ്കിന്റെ സാമ്പത്തിക പിന്തുണയോടെ ഡെമോക്രാറ്റുകളേക്കാൾ വലിയൊരു ഫണ്ട് ശേഖരം കെട്ടിപ്പടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒക്ടോബർ പകുതി വരെയുള്ള കണക്കുകൾ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടിയും അനുബന്ധ സൂപ്പർ പിഎസികളും ചേർന്ന് 2.1 ബില്യൺ ഡോളർ സമാഹരിച്ചപ്പോൾ, ഡെമോക്രാറ്റുകൾക്ക് 1.4 ബില്യൺ ഡോളർ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. വർദ്ധിച്ചുവരുന്ന ഇന്ധനവിലയും ജീവിതച്ചെലവും മൂലം നിലവിലെ ഭരണകൂടത്തിനെതിരെ വോട്ടർമാർക്കിടയിൽ അതൃപ്തിയുള്ള സാഹചര്യത്തിൽ, ഈ സാമ്പത്തിക മേധാവിത്വം റിപ്പബ്ലിക്കൻമാർക്ക് വലിയ അനുകൂല ഘടകമാണ്.
വിവിധ സംസ്ഥാനങ്ങളിലെ നിർണായകമായ മത്സരങ്ങളിലേക്കാണ് മസ്കിന്റെ ഫണ്ട് പ്രധാനമായും എത്തിയത്. ടെക്സാസ് സെനറ്റ് മത്സരത്തിൽ കെൻ പാക്സ്റ്റണും തലാരിക്കോയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ പാക്സ്റ്റണെ പിന്തുണയ്ക്കാൻ ‘അമേരിക്ക പിഎസി’ 33.1 മില്യൺ ഡോളറാണ് ചിലവഴിച്ചത്. കൂടാതെ സെപ്റ്റംബറിൽ മസ്ക് നൽകിയ 158 മില്യൺ ഡോളറിന്റെ സഹായത്തോടെ റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കുന്ന ടെക്സാസ് പിഎസി ഇവിടെ ശക്തമായ പ്രചാരണം നടത്തുന്നു.
ഒഹായോ സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഷെറോഡ് ബ്രൗണിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ഹസ്റ്റഡിന്റെ പ്രചാരണത്തിനായി 9.4 മില്യൺ ഡോളർ ചിലവഴിച്ചു. ഇതിനു പുറമെ, മിഷിഗൺ സെനറ്റ് മത്സരരംഗത്തുള്ള അബ്ദുൾ എൽ-സയീദിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനായി 8.6 മില്യൺ ഡോളറും മസ്ക് നീക്കിവെച്ചു.
ഇവ കൂടാതെ ഐയവ, മെയ്ൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സെനറ്റ് മത്സരങ്ങളിലും മുപ്പതിലധികം കടുത്ത പോരാട്ടം നടക്കുന്ന ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സീറ്റുകളിലും മസ്കിന്റെ കമ്മിറ്റി കോടിക്കണക്കിന് ഡോളർ ഒഴുക്കുന്നുണ്ട്. വോട്ടർമാരെ നേരിട്ട് കാണുന്നതിനും ഡിജിറ്റൽ മീഡിയ, ഫോൺ കോളുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, മെയിലറുകൾ എന്നിവ വഴിയുള്ള പ്രചാരണങ്ങൾക്കുമായാണ് ഈ തുക വലിയതോതിൽ ഉപയോഗിക്കുന്നത്. അലാസ്കയിലെ നിലവിലെ വോട്ടിംഗ് രീതി മാറ്റാനുള്ള നീക്കങ്ങൾക്കും മസ്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പായി ഇത് മാറുമെന്നാണ് പ്രവചനങ്ങൾ.
Elon Musk contributed over $445 million to the Republican Party for the US midterm elections.















