
മൂന്നാംകക്ഷി സാങ്കേതിക സേവനദാതാവായ ഫയർവർക്ക്സ് എഐയിലുണ്ടായ സുരക്ഷാവീഴ്ചയിലൂടെ യുഎസിലെ ആയിരക്കണക്കിന് യൂബർ ഡ്രൈവർമാരുടെ വ്യക്തിവിവരങ്ങൾ ഹാക്കർമാർ മോഷ്ടിച്ചതായി കമ്പനി സ്ഥിരീകരിച്ചു. ഡ്രൈവിങ് ലൈസൻസ് വിവരങ്ങളും ചോർന്ന രേഖകളിൽ ഉൾപ്പെടുന്നു. വിവരങ്ങൾ ചോർന്നവരെ യൂബർ അറിയിച്ചുവരികയാണ്. ഇവർക്ക് സൗജന്യ ക്രെഡിറ്റ് നിരീക്ഷണ സേവനവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യവ്യാപകമായി എത്രപേരെ ബാധിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല.
ഒക്ടോബർ ഒമ്പതിനാണ് വിവരച്ചോർച്ചയെക്കുറിച്ച് യൂബറിന് വിവരം ലഭിച്ചത്. ഫയർവർക്ക്സ് എഐയുടെ ആഭ്യന്തര ലോഗിൻ വിവരങ്ങൾ അനധികൃത വ്യക്തി കൈക്കലാക്കിയതായി കമ്പനി അറിയിക്കുകയായിരുന്നു. ഇതുവഴി ഹാക്കർക്ക് യൂബറിന്റെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനും ഉബറിന്റെ സ്വന്തം സംവിധാനങ്ങൾക്ക് പുറത്തു സൂക്ഷിച്ചിരുന്ന വിവരങ്ങൾ കൈക്കലാക്കാനും സാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.വിവരം ലഭിച്ചയുടൻ ഫയർവർക്ക്സ് എഐയുമായുള്ള ഡാറ്റാ ബന്ധം വിച്ഛേദിച്ചതായും അന്വേഷണം ആരംഭിച്ചതായും യൂബർ അറിയിച്ചു. ഒക്ടോബർ 13ഓടെ ഉബറുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങൾ ഹാക്കർ കൈക്കലാക്കിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ബാധിക്കപ്പെട്ടവർക്ക് അയച്ച അറിയിപ്പ് നവംബർ 10ന് തീയതിവെച്ചാണ് പുറത്തിറക്കിയത്.
സംസ്ഥാനതലത്തിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം മസാച്യുസെറ്റ്സിൽ 2,567 പേരുടെയും സൗത്ത് കരോലിനയിൽ 3,430 പേരുടെയും റോഡ് ഐലൻഡിൽ ഏകദേശം 1,873 പേരുടെയും വിവരങ്ങൾ ചോർന്നിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി ആകെ 7,870 പേരെയാണ് ബാധിച്ചത്. രാജ്യവ്യാപകമായ കണക്കല്ല ഇത്. മറ്റു സംസ്ഥാനങ്ങളിലും അറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് വിവരങ്ങളും ചോർന്നതായി സംസ്ഥാനതല രേഖകൾ ഉദ്ധരിച്ച് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്തു. വിവരച്ചോർച്ചയ്ക്ക് കാരണമായ മൂന്നാംകക്ഷി സ്ഥാപനമാണ് ഫയർവർക്ക്സ് എഐയെന്ന് യൂബറും സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രധാനമായും ഡ്രൈവർമാരുടെ വിവരങ്ങളെയാണ് ഈ സംഭവം ബാധിച്ചതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. യൂബർ യാത്രക്കാരുടെയോ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ ചോർന്നതായി സ്ഥിരീകരിച്ചിട്ടില്ല.വിവരങ്ങൾ കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും മൂന്നാംകക്ഷി സ്ഥാപനങ്ങളെ ആശ്രയിക്കുന്ന കമ്പനികൾ നേരിടുന്ന സുരക്ഷാ ഭീഷണികളിലേക്കും സംഭവം വിരൽചൂണ്ടുന്നു. വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ദുരുപയോഗം നടന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് യൂബർ അറിയിച്ചു. ട്രാൻസ്യൂണിയറിന്റെ അനുബന്ധ സ്ഥാപനമായ സൈബർസ്കൗട്ട് മുഖേനയാണ് ബാധിക്കപ്പെട്ടവർക്ക് സൗജന്യ ക്രെഡിറ്റ് നിരീക്ഷണവും തട്ടിപ്പ് തടയുന്നതിനുള്ള സഹായവും നൽകുന്നത്.
നവംബർ 10ലെ അറിയിപ്പിൽ നൽകിയ ആക്ടിവേഷൻ കോഡ് ഉപയോഗിച്ച് 90 ദിവസത്തിനുള്ളിൽ സേവനത്തിൽ രജിസ്റ്റർ ചെയ്യണം. അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും സംശയാസ്പദമായ ഇടപാടുകൾ നിരീക്ഷിക്കാനും യൂബർ ഡ്രൈവർമാരോട് നിർദേശിച്ചിട്ടുണ്ട്. ക്രെഡിറ്റ് റിപ്പോർട്ടുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന ക്രെഡിറ്റ് ഫ്രീസ്, തട്ടിപ്പ് മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാ നടപടികളും പരിഗണിക്കാമെന്ന് കമ്പനി അറിയിച്ചു. വ്യക്തിവിവരങ്ങൾ മോഷ്ടിച്ച് പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് തടയാൻ ക്രെഡിറ്റ് ഫ്രീസ് സഹായിക്കുമെന്ന് യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ വ്യക്തമാക്കുന്നു. എന്നാൽ വിവരച്ചോർച്ചയിൽ ആകെ എത്ര ഡ്രൈവർമാരെ ബാധിച്ചുവെന്നോ ചോർന്ന വിവരങ്ങളുടെ പൂർണവിവരങ്ങളോ യൂബർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Uber confirms hackers stole US drivers’ personal information in third-party breach













