ജെൻസൻ ഹുവാങിൻ്റെ പകരക്കാരനായി എൻവിഡിയുടെ തലപ്പത്തെത്തുമോ മലയാളി? കോട്ടയം സ്വദേശിയായ തോമസ് കുര്യന്റെ പേരും പരിഗണനയിൽ

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയും ആഗോള എഐ ചിപ്പ് നിർമ്മാണ ഭീമനുമായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് മലയാളിയായ തോമസ് കുര്യന്റെ പേരും പരിഗണനയിൽ. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ ഈ അറുപതുകാരൻ 2018 മുതൽ ഗൂഗിൾ ക്ലൗഡിന്റെ സിഇഒയായി പ്രവർത്തിച്ചുവരികയാണ്. ചൈനീസ് ചാരവനിതയുമായുള്ള ബന്ധമെന്ന ആരോപണങ്ങളെ തുടർന്ന് എൻവിഡിയ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് രാജി വെച്ച ഒഴിവിലേക്കാണ് പുതിയ മുഴുവൻസമയ മേധാവിയെ കണ്ടെത്താനുള്ള നീക്കം നടക്കുന്നത്. കമ്പനത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരെ പരിഗണിക്കുന്ന പട്ടികയിലാണ് തോമസ് കുര്യൻ ഇടംപിടിച്ചിരിക്കുന്നത്.

എൻവിഡിയയുടെ വേൾഡ്‌വൈഡ് ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്ര, പാലോ ഓൾട്ടോ നെറ്റ്‌വർക്ക്സ് മേധാവി നികേഷ് അറോറ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. ഇവർക്ക് പുറമെ നിലവിലെ ഇടക്കാല സിഇഒ കൊലെറ്റ് ക്രെസ്, ആപ്പിൾ സിഇഒ ടിം കുക്ക്, എൻവിഡിയ വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് എന്നിവരുടെയും പേരുകൾ സജീവ പരിഗണനയിലുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ടിം കുക്കിനാണെന്നാണ് വിവരം. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊലെറ്റ് ക്രെസ് ആണ് ഇടക്കാല സിഇഒയുടെ ചുമതല വഹിക്കുന്നത്.

കോട്ടയം പാമ്പാടിയിൽ ജനിച്ച് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎയും സ്വന്തമാക്കിയ വ്യക്തിയാണ് തോമസ് കുര്യൻ. മക്കിൻസി ആൻഡ് കമ്പനിയിൽ സേവനമനുഷ്ഠിച്ച ശേഷം 1996-ൽ ഒറാക്കിളിലെത്തിയ അദ്ദേഹം വിവിധ തസ്തികകളിൽ 22 വർഷത്തോളം പ്രവർത്തിച്ചു. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസന്റെ വിശ്വസ്തനായി വളർന്ന തോമസ്, കമ്പനിയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോർജ് കുര്യൻ സിലിക്കൺ വാലിയിലെ പ്രമുഖ കമ്പനിയായ നെറ്റ്‌ആപ്പിന്റെ (NetApp) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്.

Malayali Thomas Kurian Among Contenders for NVIDIA CEO Post; Kottayam Native Currently Leads Google Cloud

More Stories from this section

family-dental
witywide