റഷ്യൻ എണ്ണനിലയങ്ങൾ തകർത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം : രാജ്യത്ത് കടുത്ത ഇന്ധനക്ഷാമമെന്ന് പുടിൻ

മോസ്കോ: യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യയിലെ പ്രധാന എണ്ണശുദ്ധീകരണ ശാലകൾക്ക് വൻ നാശനഷ്ടം. ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ആദ്യമായി പരസ്യമായി സമ്മതിച്ചു. എണ്ണ നിലയങ്ങളുടെ സുരക്ഷ ശക്തമാക്കുമെന്നും ആഭ്യന്തര ഇന്ധന ഉത്പാദനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യയുടെ യുദ്ധ വരുമാനം തടയുക, റഷ്യൻ ജനതയിലേക്ക് യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങൾ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുക്രെയ്ൻ റഷ്യൻ മണ്ണിലേക്ക് നടത്തുന്ന ദീർഘദൂര ആക്രമണങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. റഷ്യയുടെ രണ്ട് പ്രധാന എണ്ണശുദ്ധീകരണ ശാലകൾ ഡ്രോൺ ആക്രമണത്തിൽ തകർത്തതായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. ഇത് റഷ്യൻ യുദ്ധ സംവിധാനങ്ങളുടെ ഇന്ധന സ്രോതസ്സുകൾ ഇല്ലാതാക്കുമെന്നും സമാധാനത്തിലേക്കുള്ള അടുത്ത പടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങൾ റഷ്യയുടെ ഇന്ധന വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. റഷ്യയിലെ പല പ്രദേശങ്ങളിലും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും, അധികൃതർ ഇന്ധന റേഷനിങ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിലേക്കുള്ള വിതരണ ശൃംഖല തകർന്നതോടെ, അവിടെ സാധാരണക്കാർക്കുള്ള പെട്രോൾ വില്പന താൽക്കാലികമായി നിർത്തിവെച്ചു. അനക്സേഷന് ശേഷം ക്രിമിയ നേരിടുന്ന ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണിത്.

റഷ്യൻ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനും, തങ്ങൾക്ക് അനുകൂലമായ വ്യവസ്ഥകളിൽ റഷ്യയെ ചർച്ചയ്ക്ക് നിർബന്ധിതരാക്കാനുമാണ് യുക്രെയ്ൻ ശ്രമിക്കുന്നതെന്ന് പുടിൻ ആരോപിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ യുദ്ധമുഖത്തെ റഷ്യൻ സൈന്യത്തിൻ്റെ മുന്നേറ്റത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആക്രമണങ്ങൾ നിർത്തലാക്കാനും, യുദ്ധം റഷ്യ ഭാഗികമായി പിടിച്ചെടുത്ത നാല് മേഖലകളിൽ (ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോറീഷ്യ) മാത്രമായി പരിമിതപ്പെടുത്താനും യുക്രെയ്ൻ മുന്നോട്ട് വെച്ച നിർദ്ദേശം താൻ നിരസിച്ചതായും പുടിൻ വെളിപ്പെടുത്തി. ഈ നിർദ്ദേശം സ്വീകരിച്ചാൽ മറ്റ് അതിർത്തികളിൽ നിന്ന് സൈന്യത്തെ മാറ്റി ഉക്രെയ്ന് കൂടുതൽ കരുത്ത് നേടാൻ അവസരം ലഭിക്കുമെന്നതിനാലാണ് ഇതൊഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ക്രാസ്നോദർ മേഖലയിലുള്ള ‘സ്ലാവ്യൻസ്ക്-നാ-കുബാനി’ എണ്ണനിലയത്തിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആദ്യം തീപിടുത്തമുണ്ടായത്. പ്രതിവർഷം 40 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന ഈ നിലയം റഷ്യയുടെ പ്രധാന കയറ്റുമതി കേന്ദ്രമാണ്. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, അതിർത്തിയിൽ നിന്ന് 700 കിലോമീറ്റർ ഉള്ളിലുള്ള യരോസ്ലാവ്ൽ മേഖലയിലെ എണ്ണനിലയവും യുക്രെയ്ൻ തകർത്തു. ആക്രമണത്തെത്തുടർന്ന് മോസ്കോയ്ക്കും യരോസ്ലാവ്ലിനും ഇടയിലുള്ള പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

Ukraine drone attack destroys Russian oil plants: Putin says country facing severe fuel shortage

More Stories from this section

family-dental
witywide