സുഡാൻ ആഭ്യന്തര യുദ്ധം: ഇന്ത്യൻ കമ്പനിക്കും സി.ഇ.ഒയ്ക്കുമെതിരെ അമേരിക്കൻ ഉപരോധം

വാഷിംഗ്ടൺ: സുഡാനിലെ കടുത്ത ആഭ്യന്തര യുദ്ധത്തിൽ സായുധ ഗ്രൂപ്പുകൾക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ചു നൽകിയെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യൻ കമ്പനിക്കും അതിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കുമെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഛത്തീസ്ഗഢിലെ റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എസ്.ബി.എൽ എനർജി ലിമിറ്റഡ്’എന്ന മുൻനിര സ്ഫോടകവസ്തു നിർമ്മാണ കമ്പനിക്കും, അതിൻ്റെ സി.ഇ.ഒയായ അലോക് ചൗധരി എന്ന ഇന്ത്യൻ പൗരനുമെതിരെയാണ് യു.എസ് ട്രഷറി വകുപ്പിന് കീഴിലുള്ള ‘ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ’ കർശന നടപടി പ്രഖ്യാപിച്ചത്.

സുഡാൻ യുദ്ധം രൂക്ഷമാക്കാൻ കാരണമാകുന്ന അന്താരാഷ്ട്ര ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി ആകെ എട്ട് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് യു.എസ് നടപടിയെടുത്തിട്ടുള്ളത്.

സുഡാൻ സായുധ സേനയുടെ ആയുധശേഖരം പരിപാലിക്കുന്ന ‘ടാർഗെറ്റ് മൾട്ടി ആക്ടിവിറ്റീസ് കമ്പനി’ എന്ന സുഡാനീസ് സ്ഥാപനത്തിലേക്ക് എസ്.ബി.എൽ എനർജി ലിമിറ്റഡ് 2024 മുതൽ 200-ലധികം തവണ സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചതായി അമേരിക്കൻ ട്രഷറി വകുപ്പ് ആരോപിക്കുന്നു. ഇത്തരത്തിൽ കൈമാറിയ സ്ഫോടകവസ്തുക്കൾ സുഡാൻ സൈന്യം ബോംബുകൾ നിർമ്മിക്കാനാണ് ഉപയോഗിച്ചതെന്നും, ഈ സഹായങ്ങൾ സുഡാനിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കിയതായും യു.എസ് വ്യക്തമാക്കുന്നു.

അതേസമയം അമേരിക്കയുടെ ആരോപണങ്ങൾ എസ്.ബി.എൽ എനർജി ലിമിറ്റഡ് പൂർണ്ണമായി നിഷേധിച്ചു. ഖനനത്തിനും സിവിൽ നിർമ്മാണ ആവശ്യങ്ങൾക്കുമുള്ള വ്യാവസായിക സ്ഫോടകവസ്തുക്കൾ മാത്രമാണ് തങ്ങൾ കയറ്റുമതി ചെയ്തതെന്നും പ്രതിരോധ സാമഗ്രികളൊന്നും തങ്ങൾ നിർമ്മിക്കുന്നില്ലെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. യു.എസ് പറയുന്നതുപോലെ 200 തവണയല്ല, 2022 മുതൽ വെറും 10 തവണ മാത്രമാണ് സുഡാനിലേക്ക് കയറ്റുമതി നടത്തിയിട്ടുള്ളത്. സുഡാൻ സർക്കാരും സുഡാനിലെ ഇന്ത്യൻ എംബസിയും സാക്ഷ്യപ്പെടുത്തിയ ‘എൻഡ്-യൂസ് സർട്ടിഫിക്കറ്റുകളുടെ’ അടിസ്ഥാനത്തിൽ, ഇന്ത്യൻ സർക്കാരിൻ്റെ അനുമതിയോടെയാണ് (പിഇഎസ്ഒ ലൈസൻസ്) ഈ നിയമപരമായ കയറ്റുമതികൾ നടത്തിയതെന്നും കമ്പനി വ്യക്തമാക്കി. ഉപരോധത്തിൽ നിന്ന് ഒഴിവാക്കാനായി കൃത്യമായ രേഖകൾ യു.എസ് ട്രഷറി വകുപ്പിന് മുന്നിൽ ഹാജരാക്കുമെന്നും എസ്.ബി.എൽ എനർജി അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ കമ്പനിക്ക് പുറമെ സുഡാൻ സൈന്യത്തിന് സാമ്പത്തിക-സൈനിക സഹായം നൽകിയ ഈജിപ്ഷ്യൻ, സുഡാനി കമ്പനികൾക്കെതിരെയും യു.എസ് ഉപരോധമുണ്ട്. ഇതിനൊപ്പം സുഡാനിലെ വിമത പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് വേണ്ടി കൊളംബിയൻ മുൻ സൈനികരെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച പനാമ, കൊളംബിയ സ്വദേശികളായ മൂന്ന് പേരും പുതിയ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

യു.എസ് ഉപരോധം പ്രാബല്യത്തിൽ വന്നതോടെ അലോക് ചൗധരിയുടെയും എസ്.ബി.എൽ എനർജിയുടെയും അമേരിക്കയിലുള്ള എല്ലാവിധ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കപ്പെടും. അമേരിക്കൻ പൗരന്മാർക്കോ മറ്റ് ആഗോള ധനകാര്യ സ്ഥാപനങ്ങൾക്കോ ഇവരുമായി യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്താൻ സാധിക്കില്ല. ഇത് കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ്സ് ഇടപാടുകളെ ബാധിച്ചേക്കാം.

Sudan Civil War: US sanctions Indian company and CEO

More Stories from this section

family-dental
witywide