
വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ കിടപ്പുമുറിയുടെ തറയിൽ ഭക്ഷണാവശിഷ്ടങ്ങളും വിലപിടിപ്പുള്ള വെള്ളിസ്പൂണുകളും ട്രംപ് ഉപേക്ഷിക്കാറുണ്ടെന്ന പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തകരായ മാഗി ഹേബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ “റെജിം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡോണൾഡ് ട്രംപ്” എന്ന പുസ്തകത്തിലെ വിവരങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും വെറും ‘വ്യാജ വാർത്ത’ മാത്രമാണെന്നും ട്രംപ് ആരോപിച്ചു.
തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് പുസ്തകത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പുസ്തകം വെറും ഭാവന മാത്രമാണെന്നും എഴുത്തുകാരിക്ക് മൂന്നാം കിട ബുദ്ധിമാത്രമേ ഉള്ളൂവെന്നും ട്രംപ് പരിഹസിച്ചു. കൂടാതെ താൻ വൻ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുപ്പ് ജയിച്ചതെന്നും, മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള യാതൊരു ഓഡിയോ റെക്കോർഡിംഗുകളും അവരുടെ പക്കലില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപിൻ്റെ കിടപ്പുമുറിയിലെ മോശം ശീലങ്ങളെക്കുറിച്ച് പുസ്തകത്തിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ലഘുഭക്ഷണം കഴിക്കുന്ന ശീലമുള്ള ട്രംപ്, ഒഴിഞ്ഞ ചിപ്സ് കവറുകളും ഐസ്ക്രീം പാത്രങ്ങളും കിടപ്പുമുറിയുടെ തറയിൽ വലിച്ചെറിയുമായിരുന്നു. ലഘുഭക്ഷണങ്ങളുടെ കവറുകൾക്കൊപ്പം വൈറ്റ് ഹൗസിലെ വിലപിടിപ്പുള്ള വെള്ളി സ്പൂണുകളും ട്രംപ് അശ്രദ്ധമായി ചവറ്റുകുട്ടയിലേക്ക് എറിയുന്നത് പതിവായതോടെ, കിടപ്പുമുറിയിലെ ചവറ്റുകുട്ടകൾ സ്ഥിരമായി പരിശോധിക്കാൻ ജീവനക്കാർ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തേണ്ടി വന്നതായും പുസ്തകം വെളിപ്പെടുത്തുന്നു.
കൂടാതെ ട്രംപിൻ്റെ ബാത്ത്റൂമിലെ അശ്രദ്ധ കാരണം കാർപെറ്റുകൾ എപ്പോഴും വെള്ളം നനഞ്ഞ് കുതിർന്ന നിലയിലായിരുന്നുവെന്നും, ഇത് പൂപ്പൽ ഉണ്ടാകാൻ കാരണമാകുമെന്ന് ജീവനക്കാർ ഭയന്നിരുന്നതായും പുസ്തകത്തിലുണ്ട്.
ഈ വെളിപ്പെടുത്തലുകൾ ട്രംപിനെ കടുത്ത ദേഷ്യത്തിലാക്കിയിരിക്കുകയാണ്. വൈറ്റ് ഹൗസ് ജീവനക്കാർ ഈ പുസ്തകത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ട്രംപ് പൂർണ്ണമായി നിരോധിച്ചതായാണ് റിപ്പോർട്ടുകൾ. വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ കണ്ടെത്താൻ ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും, അന്വേഷണ ചുമതലയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർ തന്നെയായിരുന്നു ഇതിന് പിന്നിലെന്നതിനാൽ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
Spoon and food scraps on bedroom floor; Book reveals Trump’s ‘bad habits’, President reacts.















