റഷ്യൻ യുദ്ധത്തിന് യുഎസ് നിക്ഷേപം നടത്തുന്നു, റഷ്യയുമായുള്ള ഡീസൽ കരാറിനെതിരെ രൂക്ഷ വിമർശനവുമായി സെലെൻസ്‌കി; തീരുമാനത്തെ അപലപിച്ച് യുക്രൈൻ പ്രസിഡന്റ്

കീവ്: യുഎസും റഷ്യയും തമ്മിൽ രൂപീകരിച്ച ഡീസൽ കരാറിനെതിരെ രൂക്ഷ വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലെൻസ്‌കി രംഗത്ത്. ഈ തീരുമാനം യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം അത് നീട്ടിക്കൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുകയല്ല, മറിച്ച് റഷ്യൻ യുദ്ധത്തിന് നിക്ഷേപം നടത്തുകയാണ് ഈ കരാറിലൂടെ ചെയ്യുന്നതെന്നും സെലെൻസ്‌കി തുറന്നടിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഊർജ വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി, ആഗോള വിപണിയിലേക്ക് റഷ്യൻ ഡീസൽ എത്തിക്കുന്നതിനുള്ള കരാർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉണ്ടാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മയാമിയിൽ യുഎസ്-യുക്രൈൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ശക്തരായ പങ്കാളികളിൽ നിന്നുണ്ടായ ദുർബലമായ തീരുമാനമാണിതെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് സെലെൻസ്‌കി വിശേഷിപ്പിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും യൂറോപ്പിൽ നിന്നും മറ്റ് സഖ്യകക്ഷികളിൽ നിന്നും യുക്രൈന് ശക്തമായ പിന്തുണയാണ് വേണ്ടത്. റഷ്യയുടെ യുദ്ധം ചെയ്യാനുള്ള ശേഷിയും ഭീകരവാദവും പരിമിതപ്പെടുത്തുന്നതിനുള്ള ശക്തമായ സന്ദേശങ്ങളാണ് പങ്കാളികളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രൈനിൽ കുറഞ്ഞത് 17 പേർ കൊല്ലപ്പെട്ടിരുന്നു.

ആഗോള ഊർജ വിപണിയിലേക്ക് 300,000 ടണ്ണിലധികം ഡീസൽ ‘ഉടൻ തന്നെ’ നൽകാൻ പുടിൻ സമ്മതിച്ചതായും നവംബറോടെ മറ്റൊരു 500,000 ടൺ കൂടി നൽകുമെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഏകദേശം 6 ദശലക്ഷം ബാരൽ ഡീസലിന് തുല്യമായ ഈ അളവ്, യുഎസിന്റെ ഒന്നര ദിവസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു.

എന്നാൽ ട്രംപ് അവകാശപ്പെടുന്നത്ര അളവിൽ വിൽക്കാൻ പാകത്തിലുള്ള ഡീസൽ റഷ്യയുടെ കൈവശമുണ്ടോ എന്ന് മുൻ യുഎസ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. യുക്രൈൻ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങൾ റഷ്യയുടെ എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. റഷ്യയിലെ അഞ്ച് വ്യത്യസ്ത റിഫൈനറികൾക്ക് നേരെ ഈ ആഴ്ച മാത്രം ആക്രമണം നടത്തിയതായി കീവ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷവും ഇത്തരം ആക്രമണങ്ങൾ യുക്രൈൻ തുടരുകയാണ്. അതേസമയം, ഈ കരാർ വഴി ആഗോള വിപണിയിൽ ഡീസൽ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധരുടെ വിലയിരുത്തൽ.

More Stories from this section

family-dental
witywide