പുടിന്റെ അഭിമാന ഉച്ചകോടി നടക്കാൻ മണിക്കൂറുകൾ, സെന്റ് പീറ്റേഴ്‌സ്ബർഗിൽ മഴ പോലെ പെയ്തിറങ്ങി യുക്രേനിയൻ ഡ്രോണുകൾ; യുദ്ധക്കപ്പലടക്കം തകർത്തതായി അവകാശവാദം

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അഭിമാന സാമ്പത്തിക ഉച്ചകോടിയായ ‘സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറം’ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിൽ യുക്രെയ്നിന്റെ വൻ ഡ്രോൺ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദിക്ക് തൊട്ടടുത്താണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

സെന്റ് പീറ്റേഴ്‌സ്ബർഗിലെ മൂന്ന് പ്രധാന ജില്ലകളെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ഡ്രോണുകൾ എത്തിയതെന്ന് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. സെന്റ് പീറ്റേഴ്‌സ്ബർഗിന് പുറമെ മോസ്കോ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ റഷ്യൻ നഗരങ്ങളിലേക്കും ഒരേസമയം നൂറുകണക്കിന് ഡ്രോണുകളാണ് യുക്രെയ്ൻ തൊടുത്തുവിട്ടത്. ഈ വൻ വ്യോമാക്രമണത്തിൽ റഷ്യയുടെ ഒരു പ്രമുഖ യുദ്ധക്കപ്പലും മറ്റ് തന്ത്രപ്രധാന സൈനിക ആസ്തികളും വിജയകരമായി തകർത്തതായി കീവ് അവകാശപ്പെട്ടു.

റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ സമീപമാസങ്ങളിലായി റഷ്യൻ എണ്ണക്കമ്പനികൾക്കും ശുദ്ധീകരണ ശാലകൾക്കും നേരെ യുക്രെയ്ൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ലോങ് റേഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ റഷ്യയിലെ ഇന്ധന വിതരണത്തെ ബാധിക്കുകയും സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ, ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിനാണ് മോസ്കോ സാക്ഷ്യം വഹിച്ചതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സുരക്ഷാ ഭീഷണികൾ കാരണം കഴിഞ്ഞ മാസം മോസ്കോയിൽ നടന്ന റഷ്യയുടെ പരമ്പരാഗത ‘വിക്ടറി ഡേ പരേഡ്’ പോലും വെട്ടിച്ചുരുക്കിയ ചടങ്ങുകളോടെയാണ് പുടിൻ നടത്തിയത്. പരേഡിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മോസ്കോയിലെ ജനവാസ കെട്ടിടങ്ങൾക്ക് നേരെ ഉൾപ്പെടെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ചരിത്രപരമായി റഷ്യ തങ്ങളുടെ സൈനിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന വിക്ടറി പരേഡിനെപ്പോലും യുക്രെയ്ൻ ഭീഷണി നിഴലിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുടിന്റെ ‘ഡാവോസ് ഉച്ചകോടി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക ഫോറത്തിന്റെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട് സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുക്രെയ്ൻ ആഞ്ഞടിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide