അമേരിക്കൻ വിദ്യാർത്ഥികളോട് വിവേചനം? ഹാർവാർഡിന്റെ ചൈനീസ് ഫണ്ടിംഗിൽ അന്വേഷണം പ്രഖ്യാപിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്. ചൈനയിൽ നിന്നുള്ള സംഭാവനകൾ ഉപയോഗിച്ച് അമേരിക്കൻ വിദ്യാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പ്രത്യേക സ്കോളർഷിപ്പുകൾ നൽകുന്നുണ്ടോ എന്നാണ് ട്രംപ് ഭരണകൂടം പ്രധാനമായും പരിശോധിക്കുന്നത്.

ഹാർവാർഡിന്റെ “ചൈന അധിഷ്ഠിത സാമ്പത്തിക സഹായ പ്രോഗ്രാമുകളെ” കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ ചൈനീസ് ദാതാക്കൾ സർവകലാശാലയ്ക്ക് തുക നൽകിയിട്ടുണ്ടെന്നും, ഇത് രാജ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമവിരുദ്ധമായ വിവേചനമാണെന്നും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

“ഫെഡറൽ ഫണ്ടുകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ അമേരിക്കൻ പൗരന്മാരെ ബോധപൂർവ്വം ഒഴിവാക്കി വിദേശ ഫണ്ടുകൾ ഉപയോഗിച്ച് ധനസഹായം നൽകുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നടപടികൾ തടയുക തന്നെ ചെയ്യും,” എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷൻ മേധാവി ഹർമീത് ധില്ലൻ വ്യക്തമാക്കി.

ആരോപണം തള്ളി ഹാർവാർഡ്

അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ആരോപണങ്ങൾ ഹാർവാർഡ് സർവകലാശാല പൂർണ്ണമായും തള്ളി. സാമ്പത്തിക സഹായങ്ങൾ അനുവദിക്കുന്നതിൽ വംശം, വംശീയത, അല്ലെങ്കിൽ ദേശീയത എന്നിവയുടെ പേരിൽ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാറില്ലെന്നും വിദേശ സംഭാവനകളുടെ വിവരങ്ങൾ നിയമപരമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹാർവാർഡ് പ്രതികരിച്ചു. വിദ്യാഭ്യാസ സഹകരണത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു ചാങ് ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകളായി ചൈനയിൽ നിന്ന് മാത്രം 630 ദശലക്ഷം ഡോളറിന്റെ സംഭാവന ഹാർവാർഡിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തത്തിൽ 4.5 ശതകോടി ഡോളറിന്റെ വിദേശ ഫണ്ടിംഗ് സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014-ൽ ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ‘ സോഹോ ചൈന’യുടെ (SOHO) ഉടമകൾ ചൈനീസ് വിദ്യാർത്ഥികൾക്കായി 15 ദശലക്ഷം ഡോളർ ഹാർവാർഡിന് സംഭാവന നൽകിയത് വലിയ വാർത്തയായിരുന്നു.

അമേരിക്കയിലെ മിക്ക സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി, സ്വന്തം നിലയിൽ വിദേശ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ നൽകുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണ് ഹാർവാർഡ്. പുതിയ അന്വേഷണത്തിന്റെ ഭാഗമായി ഏതൊക്കെ സ്കോളർഷിപ്പുകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ഹാർവാർഡിന്റെ വിദേശ വിദ്യാർത്ഥി പ്രവേശനത്തിലും മറ്റ് നയങ്ങളിലും ട്രംപ് ഭരണകൂടം കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.

Justice Department announces investigation into Harvard’s Chinese funding, discrimination against American students

More Stories from this section

family-dental
witywide