വാഷിങ്ടൺ: ഇറാൻ ആണവകരാറിന് തയ്യാറായില്ലെങ്കിൽ സൈനിക നടപടി പൂർത്തിയാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇറാനെതിരെ വീണ്ടും കടുത്ത നിലപാട് ആവർത്തിച്ചത്.
“ഏത് വഴിയായാലും ഞങ്ങൾ വിജയിക്കും. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ബാക്കി ജോലി പൂർത്തിയാക്കും. അത് പൂർത്തിയാക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല,” ട്രംപ് പറഞ്ഞു. എന്നാൽ, സൈനിക നടപടിക്ക് പകരം കരാറാണ് തന്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “9.1 കോടി ജനങ്ങളെ ബാധിക്കുന്ന സാഹചര്യം ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു മണിക്കൂറിനുള്ളിൽ അവരുടെ പാലങ്ങൾ തകർക്കാൻ ഞങ്ങൾക്ക് കഴിയും. എന്നാലും എനിക്ക് വേണ്ടത് ഒരു കരാറാണ്,” എന്നും ട്രംപ് പറഞ്ഞു.
ഇറാനുമായി ഉണ്ടാകുന്ന കരാറിലൂടെ ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന സമ്പുഷ്ട യൂറേനിയം അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നും ഇനി ഇറാന് ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എണ്ണവില ഇപ്പോൾ യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ താഴെയാണ്. ചില ഇളവുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അവ തുടർന്നും നിലനിൽക്കണം. ഇറാന് ആണവായുധം ഉണ്ടാകില്ല. അവർ സമ്പുഷ്ടമാക്കിയ ആണവ വസ്തുക്കൾ — ഞാൻ ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്ന് വിളിക്കുന്നത് — ഞങ്ങളുടെ കൈവശമാകുമെന്നും ഇറാനിൽ ഭരണകൂടമാറ്റം ലക്ഷ്യമിടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ മാസം യുദ്ധവിരാമ കരാറിൽ അമേരിക്കയും ഇറാനും ഒപ്പുവെച്ചെങ്കിലും ടെഹ്റാനെതിരെ ട്രംപ് മുന്നറിയിപ്പുകൾ തുടരുകയാണ്. ജൂലൈ മൂന്നിന് ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ഇറാന്റെ രാഷ്ട്രീയ-മത നേതൃത്വമൊന്നാകെ പങ്കെടുത്തപ്പോൾ, ആ സമ്മേളനം സൈനിക നടപടിക്ക് അവസരമായിരുന്നുവെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാൽ നയതന്ത്ര ചർച്ചകൾ തുടരുന്നതിനാൽ അത്തരമൊരു നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം അമേരിക്കൻ മാധ്യമമായ ആക്‌സിയോസിനോട് പറഞ്ഞു.
അവരെല്ലാം ഒരിടത്തായിരുന്നു. ഒറ്റ പ്രഹരത്തിൽ എല്ലാവരെയും ലക്ഷ്യമിടാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തില്ല. കാരണം, പിന്നീട് ചർച്ച നടത്താൻ ആരും ബാക്കിയുണ്ടാകില്ല. ഖമനേയിയുടെ മരണത്തിൽ ഇത്രയധികം പേർ ദുഃഖാചരണം നടത്തുന്നത് കണ്ടതിൽ തനിക്ക് അത്ഭുതമുണ്ടായെന്നും, ഇറാനിലെ പലരും അദ്ദേഹത്തിനെതിരാണെന്നാണ് താൻ കരുതിയിരുന്നത്. ഒരുപക്ഷേ അത് വ്യാജ കണ്ണീരായിരിക്കാം എന്നിങ്ങനെയുള്ള പരാമർശങ്ങളും ട്രംപ് നടത്തിയിരുന്നു.
‘Will either make deal, or finish the job’: Trump’s fresh warning to Iran amid Khamenei funeral














