വാഷിങ്ടൺ: ഫുട്ബോൾ ലോക നിയന്ത്രണ സമിതിയായ ഫിഫയോട് യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗന് ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ബലോഗന്റെ വിലക്ക് നടപ്പാക്കിയിരുന്നെങ്കിൽ അത് ടൂർണമെന്റിന് “വലിയ കളങ്കമായി” മാറുമായിരുന്നുവെന്നും, ഫിഫ സ്വീകരിച്ച തീരുമാനം ശരിയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
നിലവിലെ ടൂർണമെന്റിൽ സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ബലോഗൻ, ബെൽജിയത്തിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ കളിക്കാനാകില്ലെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ തിങ്കളാഴ്ച രാത്രി ഫിഫ ഒരു മത്സരത്തിനുള്ള സ്വമേധയാ പ്രാബല്യത്തിൽ വരുന്ന വിലക്ക് 12 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഇതോടെ 25-കാരനായ മുന്നേറ്റനിര താരത്തിന് മത്സരത്തിൽ കളിക്കാൻ വഴിയൊരുങ്ങി.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാൻ ഫിഫയോട് ആവശ്യപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തിയത്. “അത് ഫൗളാണെന്ന് എനിക്ക് തോന്നിയിരുന്നില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ഇക്കാര്യം സംസാരിച്ചതായും ട്രംപ് സ്ഥിരീകരിച്ചു. എന്നാൽ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മികച്ച താരങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും പരസ്പരം കുരുങ്ങിപ്പോകുകയും ചെയ്ത സംഭവമായാണ് എനിക്ക് അത് തോന്നിയത് എന്ന് ട്രംപ് പറഞ്ഞു. ആ വിലക്ക് നടപ്പാക്കിയിരുന്നെങ്കിൽ അത് ടൂർണമെന്റിന് വലിയ കളങ്കമായി മാറുമായിരുന്നു. ഫിഫയോട് എന്ത് ചെയ്യണമെന്ന് എനിക്ക് നിർദേശിക്കാനാവില്ല. തീരുമാനം ഫിഫയല്ല, ബന്ധപ്പെട്ട കമ്മിഷനാണ് എടുത്തതെന്നാണ് എന്റെ വിശ്വാസം. അവർ എടുത്തത് ശരിയായ തീരുമാനമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.
Trump confirms he asked Fifa to review Balogun ban














