യൂട്ടാ: അമേരിക്കൻ യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകനും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകക്കേസിലെ പ്രതി ടൈലർ റോബിൻസണെതിരായ പ്രാഥമിക വിചാരണ തിങ്കളാഴ്ച ആരംഭിച്ചു. വിചാരണയ്ക്കിടെ ചാർളി കിർക്കിന്റെ കുടുംബാംഗങ്ങൾ പ്രതിയെ കോടതിയിൽ നേരിട്ട് കണ്ടു. 2025 സെപ്റ്റംബർ 10-ന് യൂട്ടായിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് 31-കാരനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ രണ്ട് ദിവസത്തിന് ശേഷം 23-കാരനായ ടൈലർ റോബിൻസണെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, തോക്ക് ഉപയോഗിച്ചുള്ള ഗുരുതര കുറ്റകൃത്യം, നീതിനടപടി തടസ്സപ്പെടുത്തൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് റോബിൻസണെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് യൂട്ടാ കൗണ്ടി പ്രോസിക്യൂഷന്റെ ആവശ്യം.
വെള്ളിയാഴ്ച വരെ നീളുന്ന പ്രാഥമിക വിചാരണയ്ക്ക് മുന്നോടിയായി കിർക്കിന്റെ ഭാര്യ എറിക്കയും മാതാപിതാക്കളായ റോബർട്ടും കാതറിനും സഹോദരി മേരിയും സംയുക്ത പ്രസ്താവന പുറത്തിറക്കി.”ചാർലി പ്രിയപ്പെട്ട ഭർത്താവും പിതാവും മകനും സഹോദരനും സുഹൃത്തുമായിരുന്നു. ഓരോ കോടതി നടപടിയും അദ്ദേഹത്തിന്റെ മരണം വീണ്ടും ഓർമിപ്പിക്കുകയും ഞങ്ങളുടെ കുടുംബത്തിന്റെ തീരാനഷ്ടം കൂടുതൽ വേദനാജനകമാക്കുകയും ചെയ്യുന്നു,” പ്രസ്താവനയിൽ പറഞ്ഞു. ലഭിച്ച പിന്തുണയ്ക്കും പ്രാർഥനകൾക്കും നന്ദി അറിയിച്ച കുടുംബം, നീതിനടപടികളോട് ബഹുമാനം കാട്ടി കൂടുതൽ പ്രതികരിക്കില്ലെന്നും സ്വകാര്യത മാനിക്കണമെന്നും അഭ്യർഥിച്ചു.
പ്രാഥമിക വിചാരണയിൽ ചില തെളിവുകൾ ഒഴിവാക്കണമെന്നും കോടതി മുറിയിൽ ക്യാമറകൾ അനുവദിക്കരുതെന്നും വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. സംഭവസമയത്ത് സമീപത്തെ കെട്ടിടത്തിന് മുകളിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ബാഗ്ലി കോടതിയിൽ നിർണായക മൊഴി നൽകി. വെടിയൊച്ച കേട്ടപ്പോൾ അത് കൈത്തോക്കിൽ നിന്നല്ല, റൈഫിളിൽ നിന്നാണെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിഞ്ഞെങ്കിലും, പിന്നീട് ലഭിച്ച തെളിവുകൾ സംശയങ്ങൾ ഉയർത്തിയതായി ബാഗ്ലി പറഞ്ഞു. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ സ്ക്രൂഡ്രൈവറും സ്നൈപ്പർ കിടന്നിരുന്നതായി തോന്നിക്കുന്ന അടയാളങ്ങളും കണ്ടെത്തിയതായും സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ ഒരാൾ മേൽക്കൂരയിൽ നിന്ന് രക്ഷപ്പെടുന്നതായി കണ്ടതായും അദ്ദേഹം മൊഴിനൽകി. ചാർളി പ്രസംഗിച്ചിരുന്ന ടെന്റിലേക്ക് നേരിട്ട് ലക്ഷ്യംവയ്ക്കാൻ കഴിയുന്ന സ്ഥാനത്താണ് ഒരാൾ കിടന്നിരുന്നതെന്ന് അതിൽ നിന്ന് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
Charlie Kirk’s family attends hearing for suspect charged with his murder











