ഹോർമുസിൽ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താൻ ഇറാൻ നീക്കം; മലാക്ക കടലിടുക്ക് സുരക്ഷിതമായി തുടരുമെന്ന് ഇന്തോനേഷ്യയും സിംഗപ്പൂരും

ക്വാലാലംപുർ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താൻ ഇറാൻ നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ, ലോകത്തെ മറ്റൊരു പ്രധാന കപ്പൽപ്പാതയായ മലാക്ക കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകുമെന്നും സുരക്ഷിതമായി നിലനിർത്തുമെന്നും പ്രഖ്യാപിച്ച് ഇന്തോനേഷ്യയും സിംഗപ്പൂരും. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും ജക്കാർത്തയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സംയുക്ത പ്രഖ്യാപനം നടത്തിയത്.

ആഗോള വ്യാപാരത്തിൽ നിർണായകമായ മലാക്ക കടലിടുക്ക് സ്വതന്ത്ര പാതയായി നിലനിർത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്ന് പ്രബോവോ സുബിയാന്തോ വ്യക്തമാക്കി. ഇതിനായി മേഖലയിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ മലേഷ്യ, തായ്‌ലൻഡ് എന്നിവരുമായി ചേർന്ന് ആവശ്യമായ സുരക്ഷാ കോർഡിനേഷൻ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ചുള്ള സ്വതന്ത്ര കപ്പൽ ഗതാഗത അവകാശം സംരക്ഷിക്കാൻ സിംഗപ്പൂരും ഇന്തോനേഷ്യയും പൂർണ്ണ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ലോറൻസ് വോങ് ഓർമ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും എന്നാൽ തങ്ങളോട് ‘സൗഹൃദപരമായ’ നിലപാട് പുലർത്തുന്ന രാജ്യങ്ങൾക്ക് ഇതിൽ പ്രത്യേക ഇളവുകൾ നൽകുമെന്നും ചൈനയിലെ ഇറാന്റെ അംബാസഡർ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഏഷ്യൻ രാജ്യങ്ങളുടെ ഈ നിർണായക നീക്കം. ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ്. ഇവിടുത്തെ ഇറാൻ ഇടപെടലുകൾ ആഗോള വിപണിയെ ബാധിക്കാതിരിക്കാൻ മലാക്ക കടലിടുക്ക് വഴിയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കാനാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ശ്രമം.

More Stories from this section

family-dental
witywide