ലോകകപ്പ് ഉൾപ്പെടെയുള്ള വൻകിട ടൂർണമെന്റുകളുടെ നടത്തിപ്പിനായി സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തി പുതിയ കമ്പനി രൂപീകരിക്കാൻ ഫിഫ നീക്കം നടത്തുന്നു. 20 ബില്ല്യൺ യുഎസ് ഡോളർ ആസ്തിയുള്ള ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (എഫ്എഫ്ഇ) എന്ന വാണിജ്യ അനുബന്ധ സ്ഥാപനം ആരംഭിക്കാനാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പദ്ധതിയിടുന്നത്. ലണ്ടനിലെ ‘ദി ടൈംസ്’ പുറത്തുവിട്ട വാർത്ത പ്രകാരം, ദീർഘകാല നിക്ഷേപകരെ കണ്ടെത്തി ലോകകപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങിയ പോരാട്ടങ്ങളുടെ നിയന്ത്രണവും കൊമേഴ്‌സ്യൽ റൈറ്റുകളും ഈ കമ്പനിക്ക് കീഴിലാക്കാനാണ് തീരുമാനം.
കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് ജെ.പി മോർഗൻ, ത്രൈവ് എറ്റേണൽ, അപോളോ സ്പോർട്സ് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ബന്ധു അടക്കമുള്ളവർ നിക്ഷേപകരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. സ്റ്റേഡിയം പ്രോജക്റ്റുകൾ, വികസന ഫണ്ടിങ് എന്നിവയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുടെ പൂർണ്ണ നിയന്ത്രണം ഫിഫയ്ക്ക് തന്നെയായിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. മത്സരക്രമങ്ങളും ടൂർണമെന്റ് തീരുമാനങ്ങളും ഫിഫ കൗൺസിൽ തന്നെയായിരിക്കും കൈക്കൊള്ളുക.
അതേസമയം, ലോകകപ്പ് മത്സരങ്ങളുടെ ഓഹരികൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ ശക്തമായി രംഗത്തെത്തി. തങ്ങളാരും ഫുട്ബോളിന്റെ ഉടമകളല്ലെന്നും വിൽപ്പന നടത്താൻ ഇത് ഫിഫയുടെ മാത്രം സ്വത്തല്ലെന്നും യുവേഫ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഫുട്ബോളിനെ ജനാധിപത്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്ന് ഫിഫ അവകാശപ്പെടുമ്പോഴും ആഗോള തലത്തിൽ വലിയ വിമർശനങ്ങളാണ് ഈ തീരുമാനത്തിനെതിരെ ഉയരുന്നത്.
FIFA To Form New Commercial Enterprise For World Cup Hosting, UEFA Raises Strong Objection














