കടലിൽ കൊമ്പുകോർത്ത് യുഎസും ഇറാനും: ഇറാനിയൻ പതാകയുള്ള കപ്പലിനെ യുഎസ് യുദ്ധക്കപ്പൽ തടഞ്ഞു

വാഷിംഗ്ടൺ: ഇറാൻ തുറമുഖത്തേക്ക് നീങ്ങാൻ ശ്രമിച്ച ഇറാനിയൻ പതാകയുള്ള കപ്പലിനെ അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് റാഫേൽ പെരാൾട്ട തടഞ്ഞു. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ യുഎസ് പ്രഖ്യാപിച്ച നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് നടപടി.

ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം തടയുന്നതിൻ്റെ ഭാഗമായി ഏപ്രിൽ 13 മുതൽ യുഎസ് കർശനമായ പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ ഇറാനുമായി ബന്ധമുള്ള 34 കപ്പലുകളെ യുഎസ് സേന തടയുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.

നേരത്തെ ‘എംവി ടൂസ്ക’, ‘എംടി മജസ്റ്റിക് എക്സ്’ എന്നീ കപ്പലുകളും യുഎസ് സേനയുടെ നടപടിക്ക് വിധേയമായിരുന്നു. എന്നാൽ അമേരിക്കയുടേത് ‘കടൽക്കൊള്ള’യാണെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്റെ നിലപാട്. പേർഷ്യൻ ഗൾഫ് മേഖലയിൽ ഈ സംഭവം വലിയ നയതന്ത്ര-സൈനിക അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് യുഎസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പുറപ്പെടുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പങ്കെടുക്കില്ല. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ വാൻസ് പാക്കിസ്ഥാനിലെത്താൻ സജ്ജനായി തുടരുകയാണെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു.

US and Iran clash at sea: US warship intercepts Iranian ship

More Stories from this section

family-dental
witywide