
ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാനുനേരെയുള്ള ആക്രമണം ശക്തമായി തുടരുമ്പോഴും പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകൾക്ക് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിക്കുന്നതായി സൂചന. ഇറാന് നേരെ അമേരിക്ക തുടർച്ചയായ ഒൻപതാം രാത്രിയും കനത്ത വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ട സാഹചര്യത്തിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമാധാന ചർച്ചകളുടെ സാധ്യത തള്ളിക്കളയാതെ രംഗത്തെത്തിയത്. ടെഹ്‌റാനുമായി ദീർഘകാല സമാധാനം ഉറപ്പാക്കാൻ യു.എസ് ഉദ്യോഗസ്ഥർ നിരന്തരം ശ്രമിക്കുമെന്നും ട്രംപ് ഭരണകൂടം ഇപ്പോഴും നയതന്ത്രപരമായ പരിഹാരത്തിന് തയ്യാറാണെന്നും റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചർച്ചകൾക്ക് താല്പര്യമുണ്ടെന്ന് ഇറാന്റെ ഭാഗത്ത് നിന്നും സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും, അതിർത്തിയിലെ അവരുടെ യഥാർത്ഥ സൈനിക നീക്കങ്ങളോടാണ് അമേരിക്ക നിലവിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ വഴിയുള്ള ഇടനിലക്കാർ മുഖേനയും അല്ലാതെയും ചർച്ചകൾക്കുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര നീക്കങ്ങൾക്കുള്ള സാധ്യതകൾ പൂർണ്ണമായി അടഞ്ഞിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. ആക്രമണം തുടരുന്നിടത്തോളം കാലം പ്രതിരോധപരമായ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെങ്കിലും ചർച്ചകൾക്കുള്ള വഴികൾ തുറന്നുതന്നെ കിടക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.
ഇരുവിഭാഗവും ചർച്ചകൾക്ക് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഇരുഭാഗത്തുനിന്നും തുടരുന്ന രൂക്ഷമായ സൈനിക ആക്രമണങ്ങൾ മുമ്പ് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പൂർണ്ണമായ തകർച്ചയ്ക്കും ആഗോളതലത്തിൽ വലിയ രീതിയിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനും വഴിവെച്ചേക്കാം. ഇറാനിലെ വിവിധ ലക്ഷ്യങ്ങൾക്ക് നേരെ വീണ്ടും ശക്തമായ പ്രഹരമേൽപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മറുപടിയായി യു.എസ് അനുകൂല ഗൾഫ്-അറബ് രാജ്യങ്ങൾക്ക് നേരെ ഇറാൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.












