
ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് അടിയന്തിരമായി രാജ്യം വിടാൻ ആവശ്യപ്പെട്ട് അമേരിക്കൻ അധികൃതർ. സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ന്യൂസിലൻഡിനോട് 2-2 സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കളിക്കാർക്ക് മത്സരശേഷമുള്ള വിശ്രമത്തിനോ റിക്കവറിക്കോ പോലും സമയം നൽകാതെയാണ് യുഎസ് അധികൃതർ ഉടൻ മടങ്ങാൻ നിർദ്ദേശം നൽകിയത്.
യുഎസും ഇറാനും തമ്മിലുള്ള കടുത്ത രാഷ്ട്രീയ തർക്കങ്ങളെ തുടർന്നുള്ള കർശനമായ വിസ നിയന്ത്രണങ്ങളാണ് ഈ നടപടിക്ക് കാരണം. മത്സരദിവസം മാത്രം യുഎസിലേക്ക് പ്രവേശിക്കാനും കളി കഴിഞ്ഞയുടൻ രാജ്യം വിടാനുമുള്ള പ്രത്യേക വ്യവസ്ഥകളോടെയാണ് ഇറാൻ ടീമിന് വിസ അനുവദിച്ചിരുന്നത്. മത്സരശേഷം കാലിഫോർണിയയിൽ രാത്രി തങ്ങാൻ ഇറാൻ ആഗ്രഹിച്ചിരുന്നെങ്കിലും, നിർദ്ദേശം കർശനമായതോടെ കളി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം തന്നെ ടീമിന് വിമാനമാർഗ്ഗം മെക്സിക്കോയിലെ തിജുവാനയിലുള്ള തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങേണ്ടി വന്നു. യുഎസിലെ വിസ നിയന്ത്രണങ്ങൾ കാരണം നിലവിൽ മെക്സിക്കോ അതിർത്തിയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്.
യുഎസ് അധികൃതരുടെ ഈ നടപടിക്കെതിരെ ഇറാൻ ക്യാമ്പിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ലോകകപ്പിലെ തന്നെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം തങ്ങളാണെന്ന് ഇറാൻ മുഖ്യപരിശീലകൻ അമീർ ഗാലെനോയി മാധ്യമങ്ങളോട് പറഞ്ഞു. കളി കഴിഞ്ഞയുടൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത് കളിക്കാരിൽ കടുത്ത ക്ഷീണത്തിനും പരിക്കിനും കാരണമാകുമെന്ന് ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമിയും വ്യക്തമാക്കി.
മത്സരശേഷം ഇറാൻ്റെ ഡ്രസ്സിംഗ് റൂം സന്ദർശിച്ച ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെ ഇറാൻ ടീം തങ്ങളുടെ ആശങ്കകളും അതൃപ്തിയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് ജി-യിൽ ഉൾപ്പെട്ടിരിക്കുന്ന ഇറാൻ്റെ അടുത്ത മത്സരം ജൂൺ 21-ന് ബെൽജിയത്തിനെതിരെ ഇതേ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുക. ഈ മത്സരത്തിൽ പങ്കെടുക്കാനും ഇറാൻ ടീമിന് മെക്സിക്കോയിൽ നിന്ന് വീണ്ടും വിമാനമാർഗ്ഗം യുഎസിലേക്ക് യാത്ര ചെയ്യേണ്ടി വരും.
US asks Iran team to leave country after draw with New Zealand















