
ന്യൂയോർക്ക്: യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ അമേരിക്കയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ. യുണൈറ്റഡ് നേഷൻസിലെ ഇറാന്റെ സ്ഥിരപ്രതിനിധിയായ അമീർ സഈദ് ഇരവാനി യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസിന് അയച്ച ഔദ്യോഗിക കത്തിലാണ് അമേരിക്കയെ രൂക്ഷമായി വിമർശിച്ചത്. മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധികളിൽ “അമേരിക്ക ഒരിക്കലും ഒരു ഇരയല്ല, മറിച്ച് യഥാർത്ഥ അക്രമി അവരാണ്” എന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഒപ്പുവെച്ചിരുന്ന ‘ഇസ്ലാമാബാദ് ധാരണാപത്രം’ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ തന്നെ, അതിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ അമേരിക്ക വിമുഖത കാണിച്ചതായി ഇരവാനി കുറ്റപ്പെടുത്തി. കരാർ വ്യവസ്ഥകൾ അട്ടിമറിക്കാൻ അമേരിക്ക ബോധപൂർവ്വം ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ 42 വ്യക്തമായ കരാർ ലംഘനങ്ങൾ ഇറാൻ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
അമേരിക്ക നടത്തുന്ന ഈ ആസൂത്രിതവും തുടർച്ചയുമായ കരാർ ലംഘനങ്ങൾ മേഖലയുടെ സ്ഥിരതയെ തകർക്കുകയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയർത്തുകയും ചെയ്യുന്നതാണെന്ന് ഇരവാനി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളോട് അമേരിക്ക കാണിക്കുന്ന നഗ്നമായ അവഗണനയാണ് ഇതിലൂടെ തെളിയുന്നത്. സാധാരണ ജനങ്ങളെയും ജനവാസ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ബോധപൂർവ്വമായ വ്യോമാക്രമണങ്ങൾ കടുത്ത യുദ്ധക്കുറ്റവും മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയുമാണെന്നും ഇറാന്റെ യുഎൻ പ്രതിനിധി കത്തിൽ കൂട്ടിച്ചേർത്തു.











